ജർമനിയിൽ പ്രാദേശിക ഉത്സവത്തിനിടെ അജ്ഞാതൻ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിലായിരുന്നു സംഭവം. അക്രമിയെ കണ്ടെത്താനായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്. പശ്ചിമ ജർമനിയിലെ സോലിങ്കൻ നഗരത്തിൽ ആണ് സംഭവം.
വ്യവസായിക നഗരമായ സോലിങ്കൻ സ്ഥാപിതമായതിന്റെ 650ാം വാർഷിക ആഘോഷത്തിനിടയിലേക്കാണ് അക്രമി എത്തിയത്. ആളുകളെ മേഖലയിൽ നിന്ന് മാറാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നതിനായി 40ൽ അധികം ടാക്ടിക്കൽ വാഹനങ്ങളും നിരവധി ഹെലികോപ്ടറുമാണ് തെരച്ചിൽ നടത്തുന്നത്. സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. മേഖലയിലെ പല റോഡുകളും അടച്ച ശേഷമാണ് തെരച്ചിൽ നടക്കുന്നത്. നഗരവാസികളോട് വീടുകൾക്കുള്ളിൽ കഴിയാനാണ് പൊലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.
സോളിംഗനിൽ ഏകദേശം 160,000 നിവാസികളുണ്ട്. ഇത് കൊളോൺ, ഡസൽഡോർഫ് എന്നീ വലിയ ജർമൻ നഗരങ്ങൾക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ആളുകളോട് പ്രദേശം വിട്ടുപോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്സവത്തിന്റെ ബാക്കി പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.