ഏപ്രിൽ 1 മുതൽ ജർമനിയിൽ പൊതുസ്ഥലത്ത്‌ കഞ്ചാവ് ഉപയോഗം നിയമവിധേയം

ജർമനിയിൽ പൊതുസ്ഥലത്ത്‌ കഞ്ചാവ്‌ വലിക്കുന്നതിന്‌ അനുമതി നൽകി പാർലമെന്റ്‌. പ്രതിപക്ഷത്തിന്റെയും ആരോഗ്യ സംഘടനകളുടെയും എതിർപ്പുകൾക്കിടയിലാണ്‌ കഞ്ചാവിന്‌ നിയമസാധുത നൽകിയത്‌. 226 പേർ എതിർത്തപ്പോൾ 407 പേർ അനുകൂലമായി വോട്ട്‌ ചെയ്‌തു. ഏപ്രിൽമുതൽ 18 വയസ്സിനു മുകളിലുള്ളവർ കഞ്ച്‌ വലിക്കുകയോ കൈവശം വയ്ക്കുകയോ നിയന്ത്രിതമായി കൃഷി ചെയ്യുകയോ ചെയ്യാം. നേരത്തെ കഞ്ചാവ് ഭാഗികമായി നിയമവിധേയമാക്കുന്നതിനുള്ള പദ്ധതികള്‍ കൃഷിമന്ത്രി സെം ഓസ്ഡെമിറും ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹും ചേര്‍ന്ന് കഴിഞ്ഞ വര്ഷം ഏപ്രിൽ അവതരിപ്പിച്ചിരുന്നു.

പുതുക്കിയ നിയമഭേദഗതികളനുസരിച്ച് 18 വയസ്സിനു മുകളിലുള്ളവർക്ക് തങ്ങളുടെ വീടുകളിൽ 50 ഗ്രാം വരെ കഞ്ചാവ് കൈവശം വെക്കാനും, വീടുകളിൽ 3 കഞ്ചാവ് ചെടി വരെ വളർത്താനും അനുവാദം ഉണ്ട്. അതെ സമയം സ്‌കൂളുകൾക്കു സമീപം, സ്‌പോർട്‌സ് ഗ്രൗണ്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമായിരിക്കും. അത് പോലെ തന്നെ പ്രായപൂർത്തിയാകാത്തവർ കഞ്ചാവ് ഉപയോഗിക്കുന്നത് തടയാനുള്ള നിയമ നാടപടികളും കൈക്കൊള്ളും.