ചൈനയ്ക്കും റഷ്യക്കും ഇറാനും കയറിക്കൂടാന്‍ ഇടവരുത്തുംവിധം ഗള്‍ഫ് മേഖലയില്‍ നിന്നും അമേരിക്ക വിട്ടിറങ്ങിപോകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇറാന് ഒരിക്കലും ആണവായുധം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ജിദ്ദയിൽ ഗൾഫ് സഹകരണകൗൺസിൽ ഉച്ചകോടിയിൽ ബൈഡന്‍ പറഞ്ഞു. ഭീകരരവിരുദ്ധനീക്കമെന്ന നിലയില്‍ മധ്യപൂര്‍വദേശത്ത് ഉടനീളം യുഎസ് സേന തമ്പടിക്കവെയാണ് ബൈഡന്റെ പരാമര്‍ശം. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ അധിനിവേശത്തിനുശേഷം പുതിയ കാലഘട്ടം ആരംഭിക്കുന്നു.
മധ്യപൂര്‍വദേശത്ത് അമേരിക്കന്‍ സൈന്യമുള്‍പ്പെട്ട യുദ്ധങ്ങളില്ലെന്നതില്‍ അഭിമാനമുണ്ടെന്നും ബൈഡൻ പറഞ്ഞു. ആറ് അറബ് രാജ്യങ്ങളും ജോർദാൻ, ഈജിപ്ത്, ഇറാഖ് എന്നീ രാജ്യങ്ങളും അടങ്ങുന്നതാണ് ഗൾഫ് സഹകരണ കൗൺസിൽ. ഉച്ചകോടിക്ക് മുന്നോടിയായി ഇറാഖ്, ഈജിപ്ത്, യുഎഇ നേതാക്കളുമായി അമേരിക്കൻ പ്രസിഡന്റ് വ്യക്തിപരമായ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് സൗദിയിൽ എത്തിയത്. വൈകിട്ട് ജിദ്ദയിൽ സൗദി- അമേരിക്കൻ ഉച്ചകോടി ചേർന്നു. ജോ ബൈഡന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി. നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങളും മേഖലയിലും ലോകത്തുമുള്ള വെല്ലുവിളികളെ നേരിടാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. പശ്ചിമേഷ്യൻ സമാധാന പ്രക്രിയ, യമൻ സംഘർഷം, ഇറാൻ ആണവ പദ്ധതി, ഭീകരവിരുദ്ധ പോരാട്ടം, ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.