യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ നിലപാട് ശക്തമാക്കി ജി-7 രാജ്യങ്ങൾ

യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ നിലപാട് ശക്തമാക്കി ഏഴുരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7. സാമ്പത്തികസ്രോതസ്സുകളിൽ പിടിമുറുക്കി പുതിൻ സർക്കാരിനെ പട്ടിണിക്കിടേണ്ടത് ആവശ്യമാണെന്ന് ജി-7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പുട്ടിനെതിരെ ജി-7 ഒന്നിച്ചുനിൽക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസും ഇതിനോടു യോജിച്ചു. പാശ്ചാത്യ ഒരുമ പുടിൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും അവരുടെ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്താൻ കൂടുതൽ ആയുധങ്ങൾ നൽകണമെന്നും യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബ ജി-7നോട് അഭ്യർഥിച്ചു. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി തിങ്കളാഴ്ച ഓൺലൈൻ വഴി ജി-7ൽ പ്രസംഗിക്കുന്നുണ്ട്.

ബവേറിയന്‍ ആല്‍പ്സിലെ എല്‍മൗവിലാണ് മൂന്നുദിവസത്തെ ഉച്ചകോടി നടക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്കും വര്‍ധിച്ചുവരുന്ന ഊര്‍ജ വിലവര്‍ധനയെയും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചേക്കും.

അതെ സമയം കീവിലെ ഷെവ്ചെന്‍സ്കിയില്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ജനവാസമേഖലയിലടക്കം വ്യാപക നാശനഷ്ടം. ജി7 വാര്‍ഷിക ഉച്ചകോടിക്കായി ജര്‍മനിയില്‍ നേതാക്കള്‍ ഒത്തുകൂടിയതിന്റെ ആദ്യദിനത്തിലാണ് ആക്രമണം. ഞായറാഴ്ചയുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തെതുടര്‍ന്ന് ഒമ്പതുനില കെട്ടിടം ഭാ​ഗികമായി തകര്‍ന്നു. ഒരാൾ മരിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ട്.