റഷ്യ-യുക്രൈൻ യുദ്ധം: സംയുക്ത പ്രസ്താവന ഇറക്കാനാകാതെ ജി 20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി

ഷ്യ-യുക്രൈൻ യുദ്ധത്തിന് ഒരാണ്ട് പിന്നീടവേ, യുദ്ധത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കാനാകാതെ ജി 20 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു, രാജ്യങ്ങളുടെ നിലപാടുകള്‍ സമന്വയിപ്പിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സംയുക്ത പ്രസ്താവനയില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വളരെ വ്യക്തമായി തന്നെ പ്രശ്‌നങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു, അവയുമായി പൊരുത്തപ്പെടാന്‍ കഴിയില്ല, അതിനാല്‍ സംയുക്ത പ്രസ്താവനയ്ക്ക് പകരം സംഗ്രഹം അവതരിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായി ആയുധ വ്യാപാരത്തിലും, എണ്ണ കച്ചവടത്തിലും നല്ല ബന്ധം തുടരുന്ന റഷ്യയെ തള്ളി പറയാൻ ഇന്ത്യ ഇത് വരെ തയ്യാറായിട്ടില്ല. അധ്യക്ഷ സ്ഥാനത്തുള്ള ജി 20യില്‍ യുക്രെയ്ന്‍ യുദ്ധം ആധിപത്യം പുലര്‍ത്തുന്നത് ഒഴിവാക്കാന്‍ ചില സമ്പന്നരാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികളായ ഭക്ഷണം – ഊര്‍ജ സുരക്ഷ, വളം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ബാംഗ്ലൂരിൽ പൂര്‍ത്തിയായ ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടിയും റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കാനാകാതെയാണ് സമാപിച്ചത്.