യുഎൻ സുരക്ഷാ സമിതി വിപുലീകരിച്ച് ഇന്ത്യയെ സ്ഥിരാംഗമാക്കണം: ആവശ്യവുമായി ഫ്രഞ്ച് പ്രസിഡന്റ്

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ (യുഎൻഎസ്‌സി) ഇന്ത്യയ്ക്ക്‌ സ്ഥിരാംഗത്വത്തിന്‌ പിന്തുണയുമായി ഫ്രാൻസ്‌. ഇന്ത്യയ്ക്കു പുറമേ ജർമ്മനി, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങലെ ഉൾപ്പെടുത്തി കൊണ്ട് യുഎൻ സുരക്ഷാ സമിതി വിപുലീകരിക്കണമെന്നു ഫ്രഞ്ച് പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. വ്യാഴാഴ്ച യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് മാക്രോൺ തന്റെ നിലപാടറിയിച്ചത്. പ്രവർത്തന രീതികൾ മാറ്റാനും കുറ്റകൃത്യങ്ങൾ നടന്നാൽ വീറ്റോ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്താനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ഈ പരിഷ്കാരം ഉപകാരപ്പെടുന്നതായി പ്രതീക്ഷിക്കുന്നെന്ന്‌ മാക്രോൺ പറഞ്ഞു.

യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ–ഹമാസ് യുദ്ധം, ഇസ്രയേൽ–ഹിസ്ബുള്ള യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിന്റെ ആവശ്യം.
വികസ്വര രാജ്യങ്ങളുടെ കൂടുതൽ പ്രാതിനിധ്യം യുഎന്നിൽ വേണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും പറഞ്ഞു. ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന്‌ റഷ്യയുടെ ഭാഗത്തുനിന്നും അനുകൂല നിലപാടാണ്‌. നേരത്തെ ലോക സമാധാന പരിപാലനത്തിന് ഇന്ത്യയുടെ സുപ്രധാന സംഭാവനകളെ കുറിച്ച് യുഎൻ പൊതുസഭയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ എടുത്തു പറഞ്ഞിരുന്നു.

അഞ്ച് സ്ഥിരാംഗങ്ങളുള്ള ഐക്യരാഷ്ട്ര സംഘടനയുടെ യുഎൻ സുരക്ഷാ സമിതിയിൽ, ചൈന ഒഴികെയുള്ള എല്ലാ സ്ഥിരാംഗങ്ങളും വിപുലീകരണത്തെ ഏതെങ്കിലും ഒരു വിധത്തിൽ പിന്തുണച്ചിട്ടുണ്ട്.