ഫ്രാൻസിൽ സർക്കാർ രൂപീകരണ ചർച്ച തുടങ്ങി ഇടതുപക്ഷ പാർട്ടികൾ

പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ മികച്ച ജയത്തിനു പിന്നാലെ, സർക്കാർ രൂപീകരണ ചർച്ചകൾക്ക്‌ തുടക്കമിട്ട്‌ ഇടതുപക്ഷ, സോഷ്യലിസ്‌റ്റ്‌ പാർടികളുടെ സഖ്യം ന്യൂ പോപ്പുലർ ഫ്രണ്ട്‌. പ്രധാന പാർടികളായ ഫ്രാൻസ്‌ അൺബൗഡ്‌, സോഷ്യലിസ്‌റ്റ്‌സ്‌, ഗ്രീൻ പാർടി, കമ്യൂണിസ്‌റ്റ്‌ പാർടി എന്നിവ പ്രധാനമന്ത്രി സ്ഥാനാർഥിയെ നിശ്ചയിക്കാൻ ചർച്ച തുടങ്ങി. ഈയാഴ്ചതന്നെ പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന്‌ ഫ്രാൻസ്‌ അൺബൗഡ്‌ നേതാവ്‌ ഴാൻ ലൂക്‌ മെലൻഷോൺ തിങ്കളാഴ്ച പറഞ്ഞിരുന്നു.

ഫ്രഞ്ച് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി വിജയിക്കണമെങ്കില്‍ മണ്ഡലത്തില്‍ കുറഞ്ഞത് 25 ശതമാനം വോട്ട് രേഖപ്പെടുത്തുകയും അതിന്റെ 50 ശതമാനം ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ലഭിക്കുകയും വേണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും. ഇത്തവണ ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 577 സീറ്റുള്ള നാഷനല്‍ അസ്സംബ്ലിയില്‍ 76 സീറ്റില്‍ മാത്രമാണ് ഈ നിബന്ധനയനുസരിച്ച് വിജയികളുണ്ടായത്. ബാക്കി മണ്ഡലങ്ങളിലെല്ലാം രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തേണ്ടി വന്നു. ജൂണ്‍ 30ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 33 ശതമാനം വോട്ടും 30 സീറ്റും നേടി “നാഷനല്‍ റാലി’ ഒന്നാമതെത്തിയതോടെയാണ് രണ്ടാംഘട്ടത്തില്‍ പരമ്പരാഗത വൈരികളായിരുന്ന ഇടതുപക്ഷവും മിതവാദി വലതുപാര്‍ട്ടിയായ സെന്‍ട്രിസ്റ്റ് അലയന്‍സും കൈകോര്‍ത്തത്. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് വേണ്ടി മറ്റു കക്ഷികളുടെ ഇരുനൂറോളം സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങി. 1997ന് ശേഷം ഫ്രാന്‍സ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പോളിംഗാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. 66.6 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

തീവ്ര വലതുപക്ഷം അധികാരത്തിലെത്തുന്നത് തടയുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ജനങ്ങൾ വോട്ടു ചെയ്തതെന്ന് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ പറയുന്നു. എങ്കിലും ഇടതുസഖ്യം എങ്ങനെയാണ് സർക്കാർ രൂപീകരിക്കുക എന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്. തീവ്രവും മിതവുമായ താൽപ്പര്യങ്ങളുള്ള പാർട്ടികളെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതു പോലും പ്രയാസമായിരിക്കും മുന്നണിയിൽ.