പൊതുവികാരം ശക്തം: ദയാവധത്തിന് അനുകൂലമായ നിയമ നിർമ്മാണത്തിന് ഫ്രാൻസ്

ദയാവധത്തിന് അനുകൂലമായ നിയമ നിർ‍മാണത്തിന് പാർലമെന്‍റിന്‍റെ വേനൽക്കാല സെഷൻ അവസാനിക്കുന്നതിന് മുന്നേ കരട് ബില്ല് തയ്യാറാക്കാൻ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്‍റെ നിർദേശം. പൊതുവികാരം മാനിച്ചാണ് പുതിയ നിയമനിർമാണത്തിനുള്ള സാധ്യത തെളിയുന്നത്. 184 ഫ്രെഞ്ച് പൌരന്മാരുടെ സമിതി ഞായറാഴ്ചയാണ് നിയമ നിര്‍മ്മാണത്തിനുള്ള അനുമതി നൽകിയത്. രോഗിയുടെ പൂര്‍ണ ബോധ്യത്തോട് കൂടിയ അനുവാദവും അവരുടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ മാറ്റാനാവാത്ത സ്വഭാവത്തേക്കുറിച്ചും നിയമ നിര്‍മ്മാണത്തില്‍ മുന്നറിയിപ്പ് നല്‍കണമെന്നാണ് മക്രോണ്‍ നിര്‍ദ്ദേശിക്കുന്നത്.അതെ സമയം പെന്‍ഷന്‍ രീതിയിലെ മാറ്റത്തിന്റെ പേരില്‍ രാജ്യത്ത് ഏറെനാളുകളായി പ്രതിഷേധം രൂക്ഷമായിരുന്നു. ഈ പ്രതിഷേധം കൂടി തണുപ്പിക്കാനാണ് ജനാഭിപ്രായം കൂടി കണക്കിലെടുത്തുള്ള നടപടിയെന്നാണ് നീക്കത്തെ വിലയിരുത്തുന്നത്.

2005ലെ നിയമ പ്രകാരം ഫ്രാന്‍സില്‍ മരിക്കാനുള്ള അവകാശം എന്ന നിലയില്‍ കൃത്രിമ ജീവന്‍റെ സഹായം നല്‍കുന്നത് പോലെയുള്ള പരോക്ഷമായ ദയാവധം നിയമ വിധേയമാക്കിയിട്ടുണ്ട്. അതിഭീകരമായ വേദന അനുഭവിക്കേണ്ടി വരുന്ന രോഗികള്‍ക്ക് കഠിനവും തുടര്‍ച്ചയുമായി മയക്കം വരാനുള്ള മാര്‍ഗങ്ങള്‍ നല്‍കാനും 2016ല്‍ ഫ്രാന്‍സില്‍ നിയമം നടപ്പിലാക്കിയിരുന്നു. എന്നാലും ദയാവധം എന്നത് ഫ്രാന്‍സില്‍ നിയമ വിരുദ്ധമാണ്.ജേണൽ ഡു ഡിമാഞ്ചെ എന്ന പത്രം ഞായറാഴ്ച പ്രസിദ്ധീകരിച്ച 1,000 ആളുകളിൽ നടത്തിയ ഒരു സർവേ പ്രകാരം, 70% ഫ്രഞ്ചുകാരും ദയാവധത്തെ അനുകൂലിക്കുന്നു.

ഒരാള്‍ക്ക് മാറാ രോഗത്തേ തുടര്‍ന്നുള്ള പീഡനം അവസാനിക്കാന്‍ മരുന്നുകള്‍ നല്‍കി മരണം വേഗത്തിലാക്കുന്ന രീതികള്‍ ഫ്രാന്‍സില്‍ ശിക്ഷാര്‍ഹമാണ്. മാറാ രോഗം മൂലം വേദന സഹിച്ച് നരകിക്കേണ്ടി വരുന്ന രോഗികള്‍ക്ക് ആത്മഹത്യയ്ക്ക് സഹായം നല്‍കുന്ന രീതിയ്ക്ക് വിവിധ രാജ്യങ്ങള്‍ പിന്തുണ നല്‍കുന്നുണ്ട്. നെതര്‍ലാന്‍ഡാണ് ഇത്തരത്തില്‍ ദയാവധം നിയമവിധേയമാക്കിയ ആദ്യ രാജ്യം. ബെൽജിയം, ലക്സംബർഗ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പിന്നീട് ഇത് പിന്തുടർന്നു, നെതർലാൻഡ്‌സും ബെൽജിയവും മാരകരോഗമുള്ള ചില കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ ദയാവധം ക്രിമിനൽ കുറ്റമല്ലാതാക്കുന്നതിനുള്ള നിയമം വിപുലീകരിച്ചിട്ടുണ്ട്.