‘ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാല്‍ ഗാസയെ തുടച്ചു നീക്കലല്ല’ ; ഇമ്മാനുവല്‍ മാക്രോണ്‍

ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാല്‍ ഗാസയെ നിരപ്പാക്കുക എന്ന് അര്‍ഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. എല്ലാ ജീവനുകളുംവിലപ്പെട്ടതാണ്. അക്രമം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും മാക്രോണ്‍ പറഞ്ഞു. ബുധനാഴ്ച ഫ്രഞ്ച് മാധ്യമമായ ഫ്രാന്‍സ് 5-നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ ഇത്തരത്തിലുള്ള പ്രതികരണം അവസാനിപ്പിക്കണമെന്നും എല്ലാ ജീവനും തുല്യമാണെന്നും അവയെ സംരക്ഷിക്കണമെന്നും മാക്രോണ്‍ പറയുന്നു.

ഗാസയിൽ മാനുഷിക വെടി നിർത്തലിന് ആഹ്വനം ചെയ്ത മാക്രോൺ എന്നാല്‍ ഇസ്രയേലിന് പ്രതിരോധിക്കാനും തീവ്രവാദത്തിനെതിരെ പോരാടാനുമുള്ള അവകാശമുണ്ടെന്നും പറഞ്ഞു. നേരത്തെയും മാക്രോൺ ഇസ്രയേലിനെ നിശിതമായി വിമർശിച്ചിരുന്നു. ഇസ്രയേലിന്റെ മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ നേരത്തെയും മാക്രോണ്‍ വിമര്‍ശിച്ചിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്ന ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലെത്താന്‍ ഒരു ദശാബ്ദമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമേരിക്കയില്‍ നിന്നും സ്വതന്ത്രമായ ഒരു നയമാണ് ഇസ്രയേല്‍ വിഷയത്തില്‍ മാക്രോണ്‍ സ്വീകരിച്ചത്.

ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും ഏകദേശം 1,140 പേരെ കൊല്ലുകയും, കൂടുതലും സാധാരണക്കാർ, 250-ഓളം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് ഗാസയിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം ആരംഭിച്ചത്. മറുപടിയായി, ഇസ്രായേൽ ഒരു കര ആക്രമണത്തിനൊപ്പം നിരന്തരമായ ബോംബാക്രമണം ആരംഭിച്ചു. ഗാസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20,000 പേർ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു.