34 വയസ്സ്, മികച്ച പാര്ലമെന്റേറിയൻ : ഗബ്രിയേല്‍ അറ്റല്‍ ഇനി ഫ്രാന്‍സിന്റെ പ്രധാനമന്ത്രി

ഫ്രാന്‍സിന്റെ അടുത്ത പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റലിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ഇന്നലെ രാജി വെച്ച എലിസബത്ത് ബോണിന് പകരക്കാരനെ പ്രഖ്യാപിച്ചത്. ഫ്രാൻസിന്റെ ചരിത്രത്തിൽ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടി ആണ് 34-കാരനായ ഗബ്രിയേൽ അറ്റൽ. എലിസബത്ത് ബോൺ രാജി വെച്ച ശേഷം നിലവിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അറ്റലോ, പ്രതിരോധ മന്ത്രി സെബാസ്റ്റിയൻ ലെകോർണുവോ ഫ്രാൻസിന്റെ പ്രധാനമന്ത്രി ആയേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം നറുക്ക് ഗബ്രിയേലിനു ആണ് വീണത്.

പാർലമെന്റില്‍ ഒരു മികച്ച സംവാദകനെന്ന നിലയില്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. അഞ്ചാം റിപബ്ലിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു ഗബ്രിയേല്‍. 29-ാം വയസിലായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഗബ്രിയേലിലേക്ക് എത്തുന്നത്. 2020 മുതലാണ് ഗബ്രിയേല്‍ സർക്കാരിന്റെ വക്താവിന്റെ പരിവേഷത്തിലേക്ക് എത്തിയതും ജനശ്രദ്ധ നേടിയെടുത്തതും. സ്വവർഗാനുരാഗിയായ ഫ്രാന്‍സിന്റെ ആദ്യ പ്രധാനമന്ത്രി കൂടിയാണ് ഗബ്രിയേൽ.

അതെ സമയം എലിസബത്ത് ബോണിന്റെ കീഴിൽ നടപ്പിലാക്കിയ പെൻഷൻ സമ്പ്രദായത്തിലെയും കുടിയേറ്റ നിയമത്തിലെയും പരിഷ്‌കരണങ്ങൾ സർക്കാരിന് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ട്ടിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫ്രാൻസിൽ നേതൃമാറ്റം ഉണ്ടായത്.

കുടിയേറ്റ നിയമങ്ങളിൽ പരിഷ്‌കരം കൊണ്ടുവന്നതിനേ തുടർന്ന് ശക്തമായ എതിർപ്പാണ് ജനങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നത്. ഇതിന് പിന്നാലെ സർക്കാർ പുന:സംഘടിപ്പിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് എലിസബത്തിന്റെ രാജിയും, ഗബ്രിയേലിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള പ്രവേശനവും.