കുക്കീസ് ഉപയോഗത്തില്‍ നിബന്ധനകള്‍ പാലിച്ചില്ല; ഫേസ്ബുക്കിനും ഗൂഗിളിനും വന്‍തുക പിഴയിട്ട് ഫ്രാൻസ്

കുക്കീസ് ഉപയോഗത്തില്‍ നിബന്ധനകള്‍ പാലിക്കാതിരുന്നതിന് ഫേസ്ബുക്കിനും ഗൂഗിളിനും ഫ്രാന്‍സ് വന്‍തുക പിഴയിട്ടു. ഫേസ്ബുക്കിന് 210 ദശലക്ഷം യൂറോയും ഗൂഗിളിന് 150 ദശലക്ഷം യൂറോയുമാണ് പിഴ. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്തുടരുന്നതിന് ഉപയോഗിക്കുന്ന കുക്കീസ് വേണ്ടെന്നുവെക്കാനുള്ള നടപടി സങ്കീര്‍ണമാക്കിയതിനാണ് ഇരു കമ്പനികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.

ഗൂഗിളിനും ആമസോണിലും സെര്‍ച്ച് ചെയ്യുന്നവയുടെ പരസ്യങ്ങള്‍ മറ്റ് വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് കുക്കീസ് മൂലമാണ്. ഇത് വ്യക്തികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഒരാളുടെ സെര്‍ച്ചുമായി ബന്ധപ്പെട്ട് കുക്കീസ് ഉപയോഗിക്കുന്നതിന് അവരില്‍ നിന്ന് മുന്‍കൂര്‍ സമ്മതം വാങ്ങണമെന്നാണ് യൂറോപ്പിലെ സ്വകാര്യത നിയമം. ഫ്രാന്‍സിലെ സ്വകാര്യത പാലന ഏജന്‍സിയായ സിഎന്‍ഐഎല്ലും ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചുവരുന്നത്.

അതെ സമയം പിഴ ചുമത്താനുള്ള തീരുമാനം അവലോകനം ചെയ്യുകയാണെന്ന് ഇപ്പോൾ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് അറിയിച്ചു.
“ഞങ്ങളുടെ കുക്കി സമ്മത നിയന്ത്രണങ്ങൾ ആളുകൾക്ക് അവരുടെ ഡാറ്റയിൽ കൂടുതൽ നിയന്ത്രണം നൽകുന്നു, Facebook, Instagram എന്നിവയിലെ ഒരു പുതിയ ക്രമീകരണ മെനു ഉൾപ്പെടെ, ആളുകൾക്ക് ഏത് സമയത്തും അവരുടെ തീരുമാനങ്ങൾ വീണ്ടും സന്ദർശിക്കാനും നിയന്ത്രിക്കാനും കഴിയും, ഞങ്ങൾ ഈ നിയന്ത്രണങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് തുടരും,” ഫേസ്ബുക് അധികൃതർ അറിയിച്ചു.