ഒറ്റപ്പെട്ട് ഇസ്രായേൽ; പലസ്‌തീനെ 
സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ 
4 രാജ്യങ്ങൾ

പലസ്‌തീനെ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ യൂറോപ്യൻ യൂണിയനിലെ കൂടുതൽ രാജ്യങ്ങൾ. സ്പെയിന്‍, അയർലൻഡ്, സ്ലൊവേനിയ, മാൾട്ട എന്നീ ഇയു രാജ്യങ്ങളും നോർവേയുമാണ് പുതുതായി പലസ്‌തീനെ സ്വതന്ത്ര പരമാധികാര രാഷ്‌ട്രമായി അംഗീകരിക്കുന്നത്‌. ദ്വിരാഷ്‌ട്ര പരിഹാരത്തിനുള്ള ചുവടുവയ്‌പായി കണക്കാക്കുന്ന നീക്കം ഇസ്രയേലിന്‌ വലിയ തിരിച്ചടിയാണ്‌.

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകില്ലെന്ന് പ്രഖ്യാപനത്തിനിടെ നോര്‍വീജിയന്‍ പ്രധാന മന്ത്രി ജോനാസ് ഗഹ്ര്‍ സ്റ്റോര്‍ പറഞ്ഞു. മെയ് 28 മുതല്‍ പലസ്തീനെ രാഷ്ട്രമായി കണക്കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാൻ പ്രേരിപ്പിക്കുന്നതിന്‌ ഈയടുത്ത മാസങ്ങളിൽ സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്  യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.

അതെ സമയം ഇ യു രാജ്യങ്ങളുടെ ഈ നീക്കത്തിനെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് രംഗത്തെത്തി . തീവ്രവാദം പ്രതിഫലം നല്‍കുന്നുവെന്ന സന്ദേശമാണ് അയര്‍ലന്‍ഡും നോര്‍വേയും പലസ്തീനികള്‍ക്കും ലോകത്തിനും നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌പെയ്നും സമാന രീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ അവിടെ നിന്നും അംബാസഡര്‍മാരെ തിരിച്ചുവിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.