ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ഫ്യൂമിയോ കിഷിദ ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിവാദങ്ങളെ തുടർന്ന് യോഷിഹിതെ സുഗ സ്ഥാനമൊഴിഞ്ഞതോടെയാണ് കിഷിദയെ തെരഞ്ഞെടുത്തത്. കിഷിദയുടെ കീഴിലുള്ള പുതിയ മന്ത്രിസഭാംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും. 20 അംഗ കാബിനറ്റില്‍ രണ്ടുപേരൊഴിച്ച് എല്ലാവരും പുതുമുഖങ്ങളാകും. പുതുതായെത്തുന്ന 13 പേര്‍ മന്ത്രിമാരെന്ന നിലയില്‍ തുടക്കക്കാരാണ്. കാബിനറ്റില്‍ മൂന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തും.
64-കാരനായ കിഷിദ 2012-17 കാലയളവില്‍ എല്‍.ഡി.പിയുടെ നയ മേധാവിയായും പിന്നീട് വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. യുഎസ്- ജപ്പാന്‍ ബന്ധത്തില്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്ന കിഷിദ ചൈനക്കും ഉത്തര കൊറിയക്കുമെതിരെ ഏഷ്യയിലെയും യൂറോപ്പിലെയും സമാനചിന്തയുള്ള രാജ്യങ്ങളുമായുള്ള സഖ്യം വേണമെന്ന അഭിപ്രായക്കാരനാണ്. കൊവിഡ് വ്യാപനത്തെ കൈകാര്യം ചെയ്ത രീതിയിലുണ്ടായ വീഴ്ചയും ഒളിമ്പിക്‌സ് നടത്തിപ്പിലുണ്ടായ പാളിച്ചയും പിന്തുണയില്‍ ഇടിവുണ്ടായ സാഹചര്യത്തിലാണ് സുഗ സ്ഥാനമേറ്റെടുത്ത് ഒരു വര്‍ഷം പിന്നിട്ട ശേഷം രാജിസമര്‍പ്പിച്ചത്.