സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനൊരുങ്ങി പാകിസ്ഥാൻ

രാജ്യത്ത്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ  പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനൊരുങ്ങി പാകിസ്ഥാൻ. അന്താരാഷ്ട്ര നാണയനിധിയുമായി ചർച്ചയ്ക്കു ശേഷമാണ്‌ തീരുമാനം. ഇന്റർനാഷണൽ എയർലൈൻസ്‌ ഉൾപ്പെടെ സർക്കാർ ഉടമസ്ഥതയിൽ നിലവിൽ നഷ്ടത്തിലുള്ളവയെല്ലാം സ്വകാര്യവൽക്കരിക്കുമെന്ന്‌ പ്രധാനമന്ത്രി ഷഹബാസ്‌ ഷരീഫ്‌ ചൊവ്വാഴ്ച പറഞ്ഞു.

അതെ സമയം പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമ്പോഴും രാജ്യത്തെ അതി സമ്പന്നരുടെ കൈകളിൽ പണം കുന്നുകൂടുന്നുവെന്ന് റിപ്പോർട്ട്. ദുബായിൽ മാത്രം പാകിസ്ഥാനികളായ ബിസിനസുകാർക്ക് 12.5 ബില്യൺ ഡോളർ നിക്ഷേപമുണ്ടെന്നാണ് പുതുതായി പുറത്ത് വന്ന കണക്കുകൾ. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന down.com എന്ന സംഘടനയാണ് കണക്കുകൾ പുറത്ത് വിട്ടത്.

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാകിസ്താനില്‍ നിക്ഷേപം വർധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയും ശക്തമാക്കി . പാക്കിസ്ഥാൻ്റെ സെൻട്രൽ ബാങ്കിലെ നിക്ഷേപം 3 ബില്യൺ ഡോളറിൽ നിന്ന് 5 ബില്യൺ ഡോളറായി ഉയർത്തുന്നത് സംബന്ധിച്ചുള്ള പഠനം ആരംഭിച്ച സൗദി അറേബ്യ ഇപ്പോള്‍ നിക്ഷേപം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

വിവിധ മേഖലകളുടെ ഉന്നമനത്തിനായി നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരുന്നതിലാണ് പാകിസ്ഥാൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നുമായിരുന്നു പാകിസ്താന്‍ ധനമന്ത്രി മുഹമ്മദ് ഔറംഗസേബിന്റെ പ്രതികരണം. രാജ്യത്തിൻ്റെ സാമ്പത്തിക നല്ല പാതയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം തന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ പണമില്ലാത്ത രാജ്യത്തിൻ്റെ കറണ്ട് അക്കൗണ്ട് കമ്മി ഒരു ബില്യൺ ഡോളറിൽ താഴെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.