‘സർപ്രൈസുകൾ പ്രതീക്ഷിക്കണം’; ഇസ്രയേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹിസ്ബുല്ല

ഗാസയിൽ ഇസ്രായേൽ അധിനിവേശം മൂലം രൂപപ്പെട്ട പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കിടയിൽ പുതിയ ട്വിസ്റ്റ്. ഇസ്രയേലിനുനേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് ആണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ട്. ഇസ്രയേൽ സർപ്രൈസുകൾക്ക് തയാറായിരിക്കണമെന്ന് ഹിസ്ബുല്ല ഗ്രൂപ്പ് സെക്രട്ടറി ജനറൽ ഹസൻ നസ്‌റുള്ള ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു. ലെബനൻ വിമോചനത്തിന്റെ 24–ാം വാർഷികാഘോഷവേളയിൽ പുറത്തിറക്കിയ സന്ദേശത്തിലാണ് നസ്രല്ലയുടെ ഭീഷണി.

“റാഫയിൽ അതിക്രമം നിർത്തണമെന്ന ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്‌ ഇസ്രയേൽ അനുസരിച്ചിട്ടില്ല. അന്താരാഷ്ട്ര പ്രശ്‌ന പരിഹാരത്തിൽ ഇസ്രയേലിന് താത്പര്യമില്ല. എന്നാൽ ഞങ്ങളുടെ പ്രതിരോധത്തിൽ ഇസ്രയേൽ സർപ്രൈസുകൾ പ്രതീക്ഷിച്ചിരിക്കണം” ഹസൻ നസ്‌റുള്ള പറഞ്ഞു. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായിട്ടില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷ കൗൺസിൽ തലവൻ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്രല്ല ചൂണ്ടിക്കാട്ടി.

അതെ സമയം റാഫേൽ ഇസ്രായേൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി. റാഫയിലുൾപ്പെടെ ഗാസയിലുടനീളം ശനിയാഴ്ച രാവിലെ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി. റാഫ, ഡെയ്ർ അൽ ബലാ, വടക്കൻ ജബലിയ, ഗാസാസിറ്റി എന്നിവിടങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തി. ഏഴുമാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35,857 ആയി.