യൂറോപ്യൻ യൂണിയനിൽ അംഗമാകുന്നതിന് യുക്രെയ്നിനെ പരി​ഗണിച്ചു

യൂറോപ്യൻ യൂണിയനിൽ അം​ഗമാകുന്നതിന് യുക്രെയ്നിനെ പരി​ഗണിച്ചു. ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയന്റെ 27 രാജ്യങ്ങളുടെ നേതാക്കൾ യുക്രെയ്ന് അംഗത്വത്തിനായുള്ള സ്ഥാനാർത്ഥി പദവി നൽകുന്നതിന് ഏകകണ്ഠമായ അംഗീകാരം നൽകി. യുക്രെയിൻ പ്രതിരോധ മന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.”ഇത് ആഘോഷിക്കാനുള്ള ഒരു ദിവസമായിരിക്കാം. പക്ഷേ ഞങ്ങളുടെ അപേക്ഷ നമ്മുടെ യോദ്ധാക്കളുടെയും സാധാരണക്കാരുടെയും രക്തത്തിൽ എഴുതിയതായിരുന്നു. ഞങ്ങൾ പടിഞ്ഞാറോട്ട് നീങ്ങുകയാണ്. പക്ഷേ ഞങ്ങളുടെ യുദ്ധം കിഴക്ക് തുടരുകയാണ്.” എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ്. വ്യാഴാഴ്ച നടന്ന യൂറോപ്യൻ കൗൺസിൽ യോഗത്തിന് മുമ്പ് സ്ഥാനാർത്ഥി പദവിയുള്ള ആറ് പടിഞ്ഞാറൻ ബാൾക്കൻ രാജ്യങ്ങളുമായി യൂറോപ്യൻ യൂണിയൻ ചർച്ചകൾ നടത്തിയിരുന്നു.

“യുക്രെയ്നിന്റെ ഭാവി യൂറോപ്യൻ യൂണിയനിലാണ്. ഇതൊരു വിജയമാണ്. ഞങ്ങൾ 120 ദിവസങ്ങളും 30 വർഷവുമായി കാത്തിരിക്കുകയാണ്, യുദ്ധത്തിന്റെ ദൈർഘ്യത്തെയും സോവിയറ്റ് യൂണിയൻ തകരുമ്പോൾ യുക്രെയ്ൻ സ്വതന്ത്രമായതിന് ശേഷമുള്ള ദശാബ്ദങ്ങളെയും പരാമർശിച്ച് യുക്രെനിയൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കി ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. ” ഇനി ഞങ്ങൾ ശത്രുവിനെ പരാജയപ്പെടുത്തും.” അദ്ദേഹം ട്വീറ്റ് ചെയ്തു.

പണവും ആയുധവും ഉപയോഗിച്ചുള്ള റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ യുക്രെയ്‌നെ പിന്തുണയ്ക്കുന്നതിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി ക്രെംലിനെതിരെ അഭൂതപൂർവമായ സാമ്പത്തിക ഉപരോധവും സ്വീകരിച്ചു.

അതെ സമയം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രംഗത്തെത്തി. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ‘കൊളോണിയല്‍ ധാര്‍ഷ്ട്യ’മാണ് എന്നാണ് പുടിന്‍ പറഞ്ഞത്. വിവേകശൂന്യമായ ഉപരോധങ്ങള്‍ കൊണ്ട് റഷ്യയെ ഞെരിച്ച് നശിപ്പിച്ച്, ഒരു സാമ്പത്തിക നേട്ടത്തിനാണ് പാശ്ചാത്യര്‍ ശ്രമിക്കുന്നതെന്നും പുടിന്‍ ആരോപിച്ചു.സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ എക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. പാശ്ചാത്യ രാജ്യങ്ങളുടെ സാന്നിധ്യമില്ലാതെയാണ് ഇത്തവണ ഫോറം നടന്നത്.