യു.എസിനും യൂറോപ്യൻ യൂണിയനും പിന്നാലെ റഷ്യയ്‌ക്കെതിരെ ഉപരോധവുമായി കൂടുതൽ രാജ്യങ്ങൾ

യുക്രൈനിൽ റഷ്യ സൈനികനീക്കങ്ങൾ ആരംഭിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങൾ. അമേരിക്ക ആരംഭിച്ച സാമ്പത്തിക ഉപരോധന നടപടികൾ കൂടുതൽ രാജ്യങ്ങൾ ഏറ്റുപിടിച്ചിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ, കാനഡ, ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം റഷ്യയ്‌ക്കെതിരെ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യയ്ക്കുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. റഷ്യൻ വികസന ബാങ്കായ വെബടക്കമുള്ളവയ്ക്ക് ഉപരോധം ഏർപ്പെടുത്തി. റഷ്യയുമായുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ സാമ്പത്തിക ഇടപാടുകളെല്ലാം റദ്ദാക്കുകയാണെന്ന് ബൈഡൻ അറിയിച്ചു. ഉപരോധത്തോടെ പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കാനോ യൂറോപ്യൻ മാർക്കറ്റിൽ വ്യാപാരം നടത്താനോ റഷ്യയ്ക്കാകില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.

അതെ സമയം റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിനുശേഷം ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് വ്യക്തമാക്കി. റഷ്യന്‍ കമ്പനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനില്‍ വ്യാപാരം നടത്തുന്നതിനു പണം ശേഖരിക്കുന്നത് തടയുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

റഷ്യ ഒരിക്കൽ കൂടി യുക്രെയിനിനെ ആക്രമിക്കാൻ ഒരു കാരണം ഉണ്ടാക്കുകയാണ് എന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻ ബർഗ് ആരോപിച്ചു.