ഗാസയിൽ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾക്കിടെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ, ഞായറാഴ്ച അഭ്യർത്ഥിച്ചു, ”പലസ്തീനിന്റെയും ഇസ്രയേലിന്റെയും തുടര്‍ന്നുകൊണ്ടിരിക്കുന്ന ശത്രുത മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഓരോ ദിവസവും എന്റെയുള്ളില്‍ വേദനയുണ്ടാക്കുന്നു. ആയിരക്കണക്കിനാളുകള്‍ മരിക്കുകയും പരുക്കേല്‍ക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു. ഈ രീതിയില്‍ നല്ലൊരു രാജ്യം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്? സമാധാനം ലഭിക്കുമെന്നാണോ കരുതുന്നത്? ദയവായി ഇത് നിര്‍ത്തൂ”, വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത കൊണ്ട് അദ്ദേഹം പറഞ്ഞു. “ഇങ്ങനെയാണോ നമ്മൾ ഒരു മികച്ച ലോകം കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്നത്? നിർത്തൂ, മതി,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു ഭാഗത്തെയും ബന്ദികളെ മോചിപ്പിക്കാനും ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കാനുമുള്ള തൻ്റെ ആഗ്രഹവും അദ്ദേഹം ആവർത്തിച്ചു.
ഇസ്രായേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉടൻ സാധ്യമാകുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ബൈഡനെ സംബന്ധിച്ച് ഇസ്രേയല്‍-ഹമാസ് യുദ്ധം നീളുന്നതും രാഷ്ട്രീയപരമായ സംഘര്‍ഷങ്ങള്‍ക്കു കാരണമാകും എന്നും റിപ്പോട്ടുകൾ ഉണ്ട്. അതെ സമയം വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഗാസയിൽ കുഞ്ഞുങ്ങൾ വിശന്ന് മരിക്കുകയാണ്. ഗാസ സിറ്റിയിലെ കമൽ അദ്‌വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന ആറ് കുട്ടികൾകൂടി മരിച്ചു. ഇതോടെ ഗാസയിൽ പട്ടിണിമൂലം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 15 ആയി. വെള്ളിയാഴ്‌ച കമൽ അദ്‌വാൻ ആശുപത്രിയിൽ ഏഴ് കുഞ്ഞുങ്ങൾ മരിച്ചു. ഗാസയിലെ കുട്ടികൾ രൂക്ഷമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും ഉടൻ വെടിനിർത്തൽ വേണമെന്നും യുനിസെഫ് ആവശ്യപ്പെട്ടു.