തുർക്കിയിലും സിറിയയിലും ഭൂകമ്പബാധിത പ്രദേശത്ത് ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര സഹായവുമായി എമിറേറ്റ്‌സ് പ്രത്യേക വിമാനങ്ങൾ ആരംഭിച്ചു. തെർമൽ ബ്ലാങ്കറ്റുകൾ, ടെന്റുകൾ, മെഡിക്കൽ കിറ്റുകൾ എന്നിവ അടങ്ങുന്ന അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനായി ദുബായിൽ നിന്ന് രണ്ട് പ്രത്യേക എമിറേറ്റ്‌സ് വിമാനങ്ങൾ പുറപ്പെട്ടു. അടിയന്തര സഹായം എത്തിക്കുന്നതിനും ഇരു രാജ്യങ്ങളിലെയും തിരച്ചിൽ- രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായി ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റിയുമായി സഹകരിച്ചു കൊണ്ടാണ് എമിറേറ്റ്സ് വിമാനക്കമ്പനി ഈ എയർബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ, പുതപ്പുകൾ, ടെന്റുകൾ, ഷെൽട്ടർ കിറ്റുകൾ, ഫ്ലാഷ് ലൈറ്റുകൾ, ജലവിതരണ റാമ്പുകൾ, ട്രോമ എന്നിവ കൂടാതെ എമർജൻസി ഹെൽത്ത് കിറ്റുകളും എമിറേറ്റ്സിൽ എത്തിക്കും.
ഇസ്താംബൂളിലേക്കുള്ള പ്രതിദിന ഫ്ലൈറ്റ് ഓപ്പറേഷനുകളിലുടനീളം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 100 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൊണ്ടുപോകാനാണ് എമിറേറ്റ്സ് സ്കൈ കാർഗോ പദ്ധതിയിടുന്നത്. ഇവ പ്രദേശത്തെ സന്നദ്ധ സംഘടനകൾ വഴി തെക്കൻ തുർക്കിയിലേയും വടക്കൻ സിറിയയിലേയും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കും. ഐ എച്ച് സിയുടെ മേൽനോട്ടത്തിനായുള്ള സുപ്രീം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി പറഞ്ഞു: “ഭൂകമ്പം ബാധിച്ച ആളുകൾക്ക് ആവശ്യമായ മാനുഷിക പിന്തുണയും വിഭവങ്ങളും നൽകാൻ ഐ എച്ച് സി പ്രതിജ്ഞാബദ്ധമാണ്. ദുരന്തബാധിത പ്രദേശങ്ങളിലെ സഹായത്തിനായി UNHCR, ലോകാരോഗ്യ സംഘടന (WHO), വേൾഡ് ഫുഡ് പ്രോഗ്രാം (WFP) എന്നിവയിൽ നിന്നുള്ള മെഡിക്കൽ സപ്ലൈസ്, ഷെൽട്ടർ ഇനങ്ങൾ, മറ്റ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവ എത്തിക്കാനാണ് എമിറേറ്റ്സ് എയർലൈൻസ് പദ്ധതി ഇടുന്നത്.