അടിയന്തിരാവസ്ഥ, ആഭ്യന്തര സംഘർഷം: ഇക്വഡോറില്‍ ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയില്‍ ആക്രമണം

ഇക്വഡോറില്‍ ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയില്‍ ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെ സ്റ്റുഡിയോയില്‍ അതിക്രമിച്ചുകയറിയ മുഖംമൂടിയിട്ട തോക്കുധാരികള്‍ ജീവനക്കാരെ ബന്ദികളാക്കി. ഇക്വഡോറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനിടെയാണ് ആക്രമണം.

ഗ്വയാക്വില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിസി ടെലിവിഷന്‍ ചാനലിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ പിസ്റ്റളും ഡൈനാമൈറ്റുമായി സ്റ്റുഡിയോയിലേക്ക് കടന്നുകയറുകയായിരുന്നു. ആക്രമികള്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കുന്നതിന്റെയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങളും നവമാധ്യമങ്ങളിലൂടെ പുറത്തത് വന്നു. ഇതിന് തൊട്ടുപിന്നാലെ പതിനഞ്ച് മിനിറ്റോളം ചാനലിലെ തത്സമയ സംപ്രേഷണം തടസപ്പെട്ടു.

സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി. പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടതായി പോലീസ് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇക്വഡോര്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ലഹരി മാഫിയയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നു.

ലോസ് കോൺറോസ് ക്രിമിനൽ സംഘത്തലവൻ അഡോൾഫോ മക്കിയാസിനെ ജയിലിൽനിന്ന് കാണാതാവുകയും ഏഴോളം പോലീസ് ഉദ്യോഗസ്ഥരെ അക്രമികൾ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിക്കുകയും, നിരവധി നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങളും ജയിലുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടവിലാക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നാലെയാണ് മാക്കിയോസിന്റെ ഉൾപ്പെടെ 22 ഗുണ്ടാസംഘങ്ങളെ ഭീകരസംഘങ്ങളായി സർക്കാർ അറിയിച്ചത്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനവുമായി നവംബറില്‍ അധികാരത്തിലെത്തിയ നൊബോവ രാജ്യത്ത് 60 ദിവസത്തേക്ക് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തതോടെ ആണ് കാര്യങ്ങൾ കൂടുതൽ വഷളായത്.