തൊഴിലാളി പണിമുടക്ക്: ഈഫൽ ടവർ താൽക്കാലികമായി അടച്ചു

ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന്റെ മുഖമുദ്രയായ ഈഫൽ ടവർ താൽക്കാലികമായി അടച്ചു.കരാർ സംബന്ധമായ പ്രശ്നങ്ങളെ ചൊല്ലി തൊഴിലാളികൾ പണിമുടക്കിയതോടെയാണ് ഈഫൽ ടവർ അടച്ചത്. പണിമുടക്ക് കാരണം ടവർ അടച്ചിരിക്കുകയാണെന്നും സഞ്ചാരികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതുമായുള്ള ബോർഡും ടവറിനു മുന്നിൽ സ്ഥാപിച്ചു. നൂറ്റാണ്ട് പഴക്കമുള്ള ഈ ഗോപുരം കാണാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും എത്താറ്.

ഈഫൽ ടവർ വർഷത്തിൽ 365 ദിവസവും സഞ്ചാരികൾക്കായി തുറന്നിരിക്കാറുണ്ട്. 2024 ലെ പാരീസ് ഒളിമ്പിക്സിലെ മുഖ്യ ആകർഷണം കൂടിയാണ് ടവർ. ടവറിന്റെ നിയന്ത്രണമുള്ള കമ്പനിയും ​ഗവണമന്റുമായുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളാണ് സമരത്തിനു കാരണമെന്ന് കമ്പനി വക്താവ് അറിയിച്ചു. ടവറിൽ കൂടുതൽ നവീകരണങ്ങൾ ആവശ്യമാണെന്നും കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകളിൽ നിന്ന് തൊഴിലാളികൾ കരകയറിയിട്ടില്ലെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു. ഗുസ്തേവ് ഈഫലിന്റെ മഹത്തായ സൃഷ്ടിയുടെ സംരക്ഷണത്തിനായാണ് അദ്ദേഹത്തിന്റെ ഓർമദിനത്തിൽ തന്നെ പ്രതീകാത്മകമായി സമരം നടത്തിയതെന്നും തൊഴിലാളികൾ പറഞ്ഞു.

അതെ സമയം ഈ വർഷം സാധാരണയായി പ്രതിദിനം 20,000 സന്ദർശകർ ടവർ സന്ദർശിക്കാൻ എത്തിയിരുന്നതായും, ഗുസ്തേവ് ഈഫലിന്റെ ഓര്മ ദിനത്തിൽ ഒരു പ്രത്യേക സംഗീത പരിപാടി, അത് മുൻകൂട്ടി റെക്കോർഡ് ചെയ്തതിനാൽ ബുധനാഴ്ച രാത്രി സോഷ്യൽ നെറ്റ്‌വർക്കുകളിലും ഫ്രഞ്ച് ടെലിവിഷനിലും സംപ്രേഷണം ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരുന്നതായും ടവർ വക്താവ് പറഞ്ഞു.

1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈഫല്‍ ടവറിനായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ്‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട് ഈ ഗോപുരത്തിന്. അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ്‌ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു. 2006-ലെ കണക്കനുസരിച്ച്,1889-2006 കാലഘട്ടത്തിൽ 6,719,200 ആളുകൾ ഈഫൽ ഗോപുരം സന്ദർശിച്ചുവെന്നാണ് കണക്ക്.