• inner_social
  • inner_social
  • inner_social

ഇറാനിൽ വൻ ഭൂചലനം; പ്രകമ്പനം ഗൾഫ് രാജ്യങ്ങളിലും

ദക്ഷിണ ഇറാനിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഭൂചലനം ഉണ്ടായത്. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു. സംഭവത്തിൽ ഇറാനിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെയ്ക്ക് ശേഷം അഞ്ച് തവണയാണ് ദക്ഷിണ ഇറാനില്‍ ഭൂചലനമുണ്ടായത്. 4.3 മുതല്‍ 6.3 വരെയായിരുന്നു ഇവയുടെ തീവ്രത. ഇവയില്‍ പുലര്‍ച്ചെ 1.32നും 3.24നും അനുഭവപ്പെട്ട രണ്ട് ഭൂചലനങ്ങള്‍ 6.3 തീവ്രതയുള്ളതായിരുന്നുവെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. യുഎഇയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി.

യുഎഇയില്‍ പല സ്ഥലങ്ങളിലും പരിഭ്രാന്തരായ ജനങ്ങള്‍ താമസ സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറസായ സ്ഥലങ്ങളില്‍ ഏറെ നേരം ചെലവഴിച്ചു. ഫര്‍ണിച്ചറുകളുടെയും മറ്റും കുലുക്കം കേട്ട് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നതായും ചിലര്‍ പറഞ്ഞു. ഏതാനും സെക്കന്റുകള്‍ മാത്രമേ പ്രകമ്പനം നീണ്ടുനിന്നുള്ളൂ എന്ന് പലരും വിവരിച്ചപ്പോള്‍ അഞ്ച് മിനിറ്റോളം അതിന്റെ ആഘാതമുണ്ടായിരുന്നെന്ന് ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് അമേരിക്കന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചിരിക്കുന്നത്.