അബുദാബി മുസഫയില്‍ പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരിച്ചു

അബുദാബി മുസഫയില്‍ പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ഡ്രോണ്‍ ആക്രമണമാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. അബുദാബി ദേശീയ എണ്ണ കമ്പനിയായ അഡ്‌നോക് സംഭരണശാലകള്‍ക്ക് സമീപമുള്ള മുസഫ വ്യാവസായിക മേഖലയില്‍ മൂന്ന് ഇന്ധന ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മാണ മേഖലയിൽ തീപിടുത്തമുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ ഡ്രോണ്‍ ആക്രമണമാണെന്നാണ്‌ സൂചനയെന്നും അബുദാബി പൊലീസ്‌ അറിയിച്ചു.

അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം (WAM) റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മുസഫയില്‍ ഐകാഡ് മൂന്നില്‍ തിങ്കള്‍ രാവിലെയാണ് സ്‌ഫോടനമുണ്ടായത്‌. ഇന്ത്യക്കാര്‍ക്ക് പുറമേ ഒരു പാക്കിസ്ഥാന്‍ സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കി. യെമനിലെ ഹൂതി വിമിതരാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അതേസമയം, യുഎഇയില്‍ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടു.