കാനഡയിൽ ഫുട്ബോൾ ടിക്കറ്റ് വിൽപ്പനയെച്ചൊല്ലി തർക്കം, കത്തിക്കുത്ത്; 10 പേർ കൊല്ലപ്പെട്ടു

കാന‍ഡയിൽ രണ്ടു പേർ നടത്തിയ ആക്രമണ പരമ്പരയിൽ കത്തിക്കുത്തേറ്റ് 10 പേർ കൊല്ലപ്പെട്ടു. സസ്കാച്വാൻ പ്രവിശ്യയിലെ 13 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയ പ്രതികള്‍ ഒരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കത്തിക്കുത്തിൽ 15 പേർക്ക് പരിക്കേറ്റു. ഡാമിയൻ (30), മൈൽസ് സാൻഡേഴ്സൻ (31) എന്നിവരാണ് ആക്രമണം നടത്തിയത്. പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.അതെ സമയം ഫുട്ബോൾ മത്സരത്തിന്‍റെ ടിക്കറ്റ് വിൽപനയെച്ചൊല്ലിയുള്ള തർക്കം ആണ് കത്തിക്കുത്തിൽ കലാശിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു.

ആക്രമണം നടന്ന പ്രദേശത്ത് നിലവില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൊലീസ് പ്രതികളെ കണ്ടെത്താന്‍ പരമാവധി ശ്രമിക്കുകയാണെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ റോണ്ട ബ്ലാക്ക്‌മോര്‍ പറഞ്ഞു.