കുട്ടികളുടെ വിശപ്പടക്കാൻ കുതിരയിറച്ചിയും, കാലിത്തീറ്റയും; കൊടും പട്ടിണിയിൽ ഗാസ

ഇസ്രായേൽ വംശഹത്യ തുടരുന്ന തുടരുന്ന ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പതിനായിരത്തോട്‌ അടുക്കുന്നു. ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ നടത്തിയ അതിക്രമത്തിൽ 29,954 പേർ കൊല്ലപ്പെടുകയും 70,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഗാസ പൂർണമായി പട്ടിണിയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. ഭക്ഷണമുൾപ്പെടെയുള്ള സഹായങ്ങൾ ഇസ്രയേൽ ക്രമാനുഗതമായി തടയുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന പറഞ്ഞു. ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണി മുനമ്പിലാണ്‌.- കുറഞ്ഞത് 5,76,000 പേരെങ്കിലും -പട്ടിണിയിൽനിന്ന് ഒരു പടി അകലെയാണെന്ന്‌ യുഎൻ മാനുഷിക ഏജൻസിയുടെ ഡെപ്യൂട്ടി ചീഫ് രമേഷ് രാജസിംഹം പറഞ്ഞു. വെടി നിർത്തൽ ചർച്ചകൾ സജീവം ആണെങ്കിലും നിലവിലെ സ്ഥിതി തുടർന്നാൽ ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തത്തിനാകും പലസ്തീൻ സാക്ഷ്യം വഹിക്കുക എന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥിക്യാമ്പില്‍ കുതിരയിറച്ചിയില്‍ കുറച്ചരിയിട്ട് വേവിച്ച് ഉറ്റവരുടെ വിശപ്പകറ്റാന്‍ ശ്രമിച്ചു തളര്‍ന്ന അബു ജിബ്രില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞതിങ്ങനെ ”കുട്ടികളുടെ വിശപ്പടക്കാൻ ആ കുതിരകളെ കശാപ്പുചെയ്യുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. വിശപ്പ് ഞങ്ങളെ കൊല്ലുകയാണ് കഴുകാനും കുടിക്കാനുമുള്ളത് മലിനജലം, വല്ലപ്പോഴും വന്നുപോകുന്ന വൈദ്യുതി. തിങ്ങിഞെരുങ്ങിക്കഴിയുന്ന ജനം.”

അതെ സമയം യുദ്ധത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട 1.5 ദശലക്ഷം ഫലസ്തീനികൾ റാഫയിൽ അഭയം പ്രാപിച്ചു, എൻക്ലേവിൻ്റെ വടക്ക് ഭാഗത്തേക്ക് ഭക്ഷണം എത്തിക്കാൻ സഹായ ഏജൻസികൾ പാടുപെടുന്ന സാഹചര്യത്തിലാണ് ക്ഷാമം ഗാസയെ പിന്തുടരുന്നതെന്ന് യുഎൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) മുന്നറിയിപ്പ് നൽകി. ഗാസയുടെ അതിർത്തി ക്രോസിംഗുകൾ നിയന്ത്രിക്കുന്ന ഇസ്രായേൽ – യുദ്ധം ആരംഭിച്ചതിന് ശേഷം എൻക്ലേവിലേക്ക് ഒരു എൻട്രി പോയിൻ്റ് മാത്രമേ തുറന്നിട്ടുള്ളൂ, ട്രക്കുകൾക്ക് കടന്നുപോകുന്നതിന് “അനന്തമായ പരിശോധന നടപടിക്രമങ്ങൾ” ഏർപ്പെടുത്തിയതായി യുഎൻ ഏജൻസികൾ പറയുന്നു.ഫലസ്തീൻ ജനതയ്ക്ക് സഹായം നൽകരുതെന്ന് പറഞ്ഞ് തെക്കൻ ഗാസയിലേക്കുള്ള കരേം അബു സലേം പ്രവേശന പോയിൻ്റിൽ – ഇസ്രായേലികൾ കെരേം ഷാലോം എന്നറിയപ്പെടുന്ന – വലതുപക്ഷ ഇസ്രായേലി പ്രതിഷേധക്കാർ സഹായ വാഹനവ്യൂഹങ്ങളും തടഞ്ഞു.

പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ രൂക്ഷമാകുന്നതിനാലും, ഗാസയിലേക്കുള്ള സഹായമെത്തിക്കുന്നതിലുള്ള തടസങ്ങൾ തുടരുന്നതിനാലും നിരവധി കുട്ടികളുടെ ആരോഗ്യം നശിക്കുകയും, അവരിൽ പലരും മരണപ്പെടുകയും ചെയ്യുന്നു. 1999 ലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ച സായുധ സംഘട്ടനത്തിലെ കുട്ടികളെ സംബന്ധിച്ച പ്രമേയം അനുസരിച്ച്, മാനുഷിക സഹായം നിഷേധിക്കുന്നത് കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനമാണ്. പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ ഈ അവകാശങ്ങളുടെയെല്ലാം ലംഘനമാണ് ഇപ്പോൾ ഗാസയിൽ നടക്കുന്നത്. മാനുഷിക സഹായത്തിന് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനത്തിനായി ഇരു രാജ്യങ്ങളുടെ സഹകരണവും സംഘടന അഭ്യർത്ഥിക്കുന്നു.