കോവിഡ് വ്യാപനം രൂക്ഷം; നാലാം തരം​ഗത്തിന് സാധ്യത, ചൈനയിൽ ഷാങ്ഹായിൽ ഭാ​ഗിക ലോക്ക്ഡൗൺ

കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന ചൈനയിൽ രണ്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ അടച്ചിടൽ. സാമ്പത്തിക തലസ്ഥാനമായ ഷാങ്‌ഹായ്‌ തിങ്കളാഴ്ച അടച്ചു. 2.6 കോടി ജനങ്ങളുള്ള നഗരം രണ്ടുഘട്ടമായാണ്‌ അടയ്ക്കുന്നത്‌. പുഡോങ്ങും പരിസര പ്രദേശങ്ങളും തിങ്കൾ മുതൽ വെള്ളിവരെയും ഹുവാങ്‌പു നദിക്ക്‌ പടിഞ്ഞാറുള്ള ബാക്കി പ്രദേശങ്ങൾ വെള്ളിമുതൽ അഞ്ചുദിവസവുമാണ്‌ അടയ്ക്കുന്നത്‌. ഈ ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തും. ജനങ്ങൾ പൂർണമായും വീട്ടിൽത്തന്നെ കഴിയണം. അത്യാവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും.

ഷാങ്‌ഹായിലെ കോവിഡ്‌ വ്യാപനമുണ്ടായ ചില പ്രദേശങ്ങൾ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്‌. ഷാങ്‌ഹായിൽ ഞായറാഴ്ച 3500 പേർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. പകുതിപേർക്കും ലക്ഷണങ്ങൾ ഇല്ല. ഈ മാസം രാജ്യത്താകെ 56,000 പേർ പോസിറ്റീവായി. ഷാങ്ഹായ് ന​ഗരത്തിൽ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ആളുകൾ പുറത്തിറങ്ങരുതെന്നും ഓഫീസുകൾ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്. ചൈനയിൽ പുതുതായി 4,500 പേർക്ക് സമ്പർക്കം വഴി കോവിഡ് ബാധിച്ചത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളുള്ള ദിവസങ്ങളിൽ പൊതു ​ഗതാ​ഗത സംവിധാനങ്ങളും സർവീസ് നടത്തില്ല. നിയന്ത്രണങ്ങളിൽ വിമാന-ട്രെയിൻ സർവീസുകളെ സംബന്ധിച്ച് പരാമർശിച്ചിട്ടില്ല.