യുഎഇയിൽ Cop ഉച്ചകോടിക്ക് തുടക്കം: മുരളീ തുമ്മാരുകുടി എഴുതുന്നു

യുഎഇയിലാണ് ഇത്തവണ ലോക രാഷ്ട്രങ്ങള്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് COP28 (Conference of the Parties) യോഗം ചേർന്നത്. 2015 ലെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യമായ ആഗോള താപനില വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസിനു താഴെയായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികളെക്കുറിച്ചുള്ള വിലയിരുത്തലാണ് COP28 ലെ പ്രധാന ദൗത്യം.

പാരീസ് ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം 2.5 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്ന ആശങ്കയും നിലനിൽക്കെയാണ് മറ്റൊരു കാലാവസ്ഥ ഉച്ചകോടിക്കായി ലോക രാജ്യങ്ങൾ ഒത്തു കൂടിയിരിക്കുന്നത്.

ഉച്ചകോടിയെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതിയ കുറിപ്പ് വായിക്കാം…

എൻ്റെ വായനക്കാർ പലരും, യു എ യി യിൽ ഉള്ളവർ ഏതാണ്ട് മിക്കവാറും പേർ CoP28 എന്ന് കേട്ട് കാണും.

ഇതെന്താണ്, എന്തൊക്കെയാണ് ദുബായിൽ ചർച്ച ചെയ്യാൻ പോകുന്നത്, ദുബായിൽ ഞാൻ ഉണ്ടാകുമോ എന്നൊക്കെയുള്ള വിഷയങ്ങളെ പറ്റി ചെറിയൊരു പോസ്റ്റാണ്.

ആഗോള താപനത്തെ കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടിയാണ് UN Framework Convention on Climate Change. ഈ ഉടമ്പടിയിൽ അംഗമായ രാജ്യങ്ങൾ (Parties to the Convention), വർഷത്തിൽ ഒരിക്കൽ ലോകത്ത് എവിടെയെങ്കിലും ഒക്കെ സമ്മേളിച്ച് ഈ വിഷയത്തിലെ പുരോഗതി ചർച്ച ചെയ്യും. ഇതിനാണ് Conference of the Parties അല്ലെങ്കിൽ CoP എന്ന് പറയുന്നത്.

ഇത് ഇരുപത്തി എട്ടാമത്തെ തവണയാണ് പാർട്ടികൾ സമ്മേളിക്കുന്നത്, അതിനാൽ CoP28.

നൂറ്റി തൊണ്ണൂറ്റി എട്ടു രാജ്യങ്ങൾ UNFCCC യിൽ അംഗങ്ങൾ ആയി ഉണ്ട് (യു എന്നിൽ നൂറ്റി തൊണ്ണൂറ്റി മൂന്നു അംഗരാജ്യങ്ങളെ ഉള്ളൂ എന്നും മനസ്സിലാക്കണം).

ഇവിടെ നിന്നൊക്കെ ഔദ്യോഗിക സംഘങ്ങൾ ഉണ്ടാകും. കാലാവസ്ഥ വ്യതിയാനം ഏറെ പ്രധാനമായതിനാൽ ഏറെ രാജ്യങ്ങളുടെ പ്രസിഡന്റോ പ്രധാനമന്ത്രിമാരോ ഒക്കെ കാണും. ഇത്തവണ ആദ്യമായി പോപ്പ് പരിപാടിയിൽ ഉണ്ട്. മിക്കവാറും രാജ്യങ്ങളുടെ പരിസ്ഥിതി മന്ത്രിമാർ കാണും, വലിയ ഉദ്യോഗസ്‌ഥ സംഘങ്ങൾ കാണും. ഇവരൊക്കെയാണ് മീറ്റിംഗിലെ പ്രധാന ചർച്ചകൾ നടത്തുന്നത്.

ഇതിനോടൊപ്പം അന്താരാഷ്ട്ര സംഘടനകൾ, ലോകത്തെവിടെ നിന്നുമുള്ള സർക്കാരിതര സന്നദ്ധ സംഘടനകൾ, ആക്ടിവിസ്റ്റുകൾ, യുവാക്കൾ, എന്നിങ്ങനെ വലിയൊരു സംഘം ഉണ്ടാകും. കഴിഞ്ഞ വർഷം ഈജിപ്തിൽ മുപ്പത്തിനായിരത്തിന് മുകളിൽ ആളുകൾ ഉണ്ടായിരുന്നു. ഈ വർഷം അത് എഴുപത്തിനായിരത്തിന് മുകളിൽ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ കാലാവസ്ഥ വ്യതിയാന രംഗത്ത് നടത്തിയ ചർച്ചകളുടെ, ശാസ്ത്രത്തിന്റെ, സർക്കാർ പരിപാടിയുടെ ഒക്കെ ഒരു അവലോകനം (stock taking) ആണ് ഈ വർഷത്തെ പ്രധാന ഇനം.

ഞങ്ങളുടെ ബൂത്ത് ബ്ലൂ സോണിൽ ആണ്, TS 4, 205 (Land and Drought Resilience Pavilion). ഞാൻ നവംബർ ഇരുപത്തി എട്ടു മുതൽ ദുബായിൽ ഉണ്ടാകും, പകുതി സമയം ബ്ലൂ സോണിലും പകുതി ഗ്രീൻ സോണിലും ഉണ്ടാകും. സുഹൃത്തും സഹപ്രവർത്തകയും ആയ Apoorva Bose അപൂർവ്വ ബോസ് മുഴുവൻ സമയവും ഗ്രീൻ സോണിൽ ഉണ്ടാകും.

G20 Global Land Initiative അവിടെ മുഴുവൻ സമയവും ഉണ്ടാകും, CoP നടക്കുന്ന പ്രദേശത്തെ Blue Zone – Green Zone എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ബ്ലൂ സോണിൽ പ്രവേശനത്തിന് ഏറെ നിയന്ത്രണങ്ങൾ ഉണ്ട്. ഗ്രീൻ സോണിൽ രെജിസ്റ്റർ ചെയ്യുന്നവർക്ക് എല്ലാം വരാം. രെജിസ്ട്രേഷൻ സൗജന്യമാണ്. വന്നു കാണേണ്ടതുമാണ്.

മലയാളി സുഹൃത്തുക്കൾ, പ്രത്യേകിച്ചും മാധ്യമങ്ങൾ, ദുബായിൽ ഉള്ളവരും CoP28 നു വരുന്നവരും, തീർച്ചയായും ഞങ്ങളെ ബന്ധപ്പെടണം. പരമാവധി വിവരങ്ങളും മറ്റു സഹായങ്ങളും തരാൻ സാധിക്കുമെന്ന് കരുതുന്നു.

ദുബായിൽ വരാത്തവർക്കും ബ്ലൂ സോണിൽ പ്രവേശനം ഇല്ലത്തവർക്കും https://g20land.org/ എന്ന പേജിൽ രെജിസ്റ്റർ ചെയ്താൽ ഞങ്ങളുടെ എല്ലാ പ്രോഗ്രാമും ലൈവ് ആയി കാണാൻ സാധിക്കും.