ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് പൗരന്മാരടക്കം എട്ട് ലക്ഷത്തിലേറെ പേര്‍ രാജ്യം വിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് യുഎന്‍ തയ്യാറാക്കിയ കണക്കുകളും റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്. എട്ടു ലക്ഷത്തിലധികം പേര്‍ സുഡാനില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് നീങ്ങുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് യുഎന്‍ എച്ച് ആര്‍ അസിസ്റ്റന്‍ഡ് ഹൈക്കമീഷണര്‍ റവൂഫ് മൗസൗ പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ ഏഴ് അയല്‍രാജ്യങ്ങളിലേക്കായി പലായനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 73,000ത്തിലേറെ പേര്‍ ഇതിനോടകം തന്നെ സുഡാന്‍ വിട്ടു. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യം വിടുന്നവരില്‍ 580,000 ത്തിലധികം പേര്‍ സുഡാന്‍ പൗരന്‍മാരാണ്. ബാക്കിയുള്ളവര്‍ കുടിയേറ്റക്കാരും.
നേരത്തെ സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്‌എഫും തമ്മിലുള്ള സംഘർഷം ഡാർഫർ മേഖലയിലെ വംശീയകലാപം ആളിക്കത്തിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. 2003 മുതൽ മേഖലയിലെ വിവിധ വംശങ്ങളും സർക്കാരും തമ്മിൽ തുറന്ന യുദ്ധത്തിലാണ്.
സുഡാനില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്നും ഇനിയും പലായന സാധ്യതയുണ്ടെന്ന് യു എന്‍ എച്ച് ആര്‍ മേധാവി ഫിലിപ്പ് ഗ്രാന്‍ഡില്‍ ട്വീറ്റ് ചെയ്തു. സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മില്‍ ഏപ്രില്‍ 15ന് സുഡാനില്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷം വിനാശകരമായ മാനുഷിക സാഹചര്യം ഉടലെടുക്കാനിടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്ന മുന്നറിയിപ്പും യു എന്‍ നല്‍കുന്നു.400ലേറെ പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. സുഡാനില്‍ ഭക്ഷണത്തിനും ജലത്തിനും ക്ഷാമം നേരിടുകയാണ്. സഹായമെത്തിക്കാന്‍ യുഎന്‍ അടക്കമുള്ള ഏജന്‍സികള്‍ ശ്രമിച്ചിരുന്നെങ്കിലും സംഘര്‍ഷം രൂക്ഷമായതോടെ ഇതൊന്നും സാധ്യമാകുന്നില്ല.
അതെ സമയം ഇന്ത്യ, സൗദി അറേബ്യ, ചൈന ഉൾപ്പെടെ പല രാജ്യങ്ങളും കഴിഞ്ഞ ഒരാഴ്ചയായി വ്യോമ, കടൽ, കര പ്രവർത്തനങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ പിൻവലിച്ചു കൊണ്ടിരിക്കയാണ്. കാർട്ടൂമിൽ നിന്ന് പോർട്ട് സുഡാനിലെ ചെങ്കടൽ തുറമുഖത്തേക്കുള്ള തങ്ങളുടെ വാഹനവ്യൂഹങ്ങൾ വാരാന്ത്യത്തിൽ 700-ലധികം ആളുകളെ ഒഴിപ്പിച്ചതായി യുഎസ് സർക്കാർ തിങ്കളാഴ്ച അറിയിച്ചു.ഏകദേശം 2,200 പേരെ ഒഴിപ്പിച്ച ശേഷം അന്താരാഷ്ട്ര സഖ്യകക്ഷികളായ ഐക്യരാഷ്ട്രസഭ, സഹായ സംഘടനകൾ എന്നിവയ്‌ക്കൊപ്പം സുഡാന് മാനുഷിക സഹായം നൽകാനുള്ള വഴികൾ ആരായുന്നതായി ബ്രിട്ടൻ സർക്കാർ അറിയിച്ചു.