ഗസ്സ യുദ്ധം; ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊളംബിയ

ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ച് കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിക്കവേ കൊളംബിയൻ പ്രസിഡന്‍റ്ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. “വംശഹത്യക്ക് നേതൃത്വം നൽകുന്ന സർക്കാരും പ്രസിഡന്റുമാണ് ഇസ്രയേലിലേത്. അവരുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിച്ചു മാറ്റുകയാണെന്ന് ഞാൻ നിങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുന്നു’ ഗുസ്താവോ പെട്രോ പറഞ്ഞു.

അതെ സമയം നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന പെട്രോയുടെ നീക്കത്തെ ഇസ്രയേൽ സർക്കാർ അപലപിച്ചു. ‘കുഞ്ഞുങ്ങളെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നിരപരാധികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന രാക്ഷസന്മാരുടെ പക്ഷത്താണ് ഗുസ്താവോ പെട്രോ നിന്നതെന്ന് ചരിത്രം ഓർക്കും’ എന്നാണ് ഇസ്രയേലിന്റെ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. നേരത്തെ മറ്റൊരു ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇസ്രയേലുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

അതെ സമയം ഗാസയ്‌ക്കുമേലുള്ള ഇസ്രയേലിന്റെ അധിനിവേശത്തിന് എതിരായ പ്രക്ഷോഭം അമേരിക്കന്‍ സര്‍വകലാശാലകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. യുസിഎൽഎ, വിസ്കോൺസിൻ എന്നീ സർവകലാശാലകളിൽ പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 15 പേർക്ക് പരിക്കേറ്റു. ന്യൂയോർക്കിലെ ഫോർഡം യൂണിവേഴ്സിറ്റിയിൽ കാമ്പസിൽ സമരക്കാർ തമ്പടിച്ചിരിക്കുകയാണ്.