പുതു ചരിത്രം രചിച്ച് ‘ക്ലോഡിയ ഷെയിൻബോം’: മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരത്തിലേക്ക്

മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മെക്സിക്കോയുടെ പ്രസിഡന്റാകുന്നത്. ഇടതുപക്ഷ പാർട്ടി കൂടിയായ മൊറേന പാർട്ടിയുടെ സ്ഥാനാർഥിയായ ക്ലൗഡിയ 58.3 ശതമാനം വോട്ടുകൾ നേടിയാണ് അധികാരത്തിലേറിയത്. ക്ലൗഡിയയുടെ പ്രധാന എതിരാളിയായിരുന്ന സൊചിതിൽ ഗാൽവേസിന് 26.6 ശതമാനം വോട്ടുകളാണ് നേടാനായത്. രാജ്യത്തെ തിരഞ്ഞെടുപ്പ് അതോറിറ്റിയാണ് ക്ലോഡിയയുടെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. എക്സിറ്റ് പോളുകളിൽ ഉൾപ്പെടെ ക്ലോഡിയയുടെ വിജയസാധ്യത നേരത്തെ ഉറപ്പിച്ചിരുന്നു.

മെക്സിക്കോ സിറ്റിയുടെ മുൻ മേയറും 61-കാരിയുമായ ക്ലോഡിയ കാലാവസ്ഥ ശാസ്ത്രജ്ഞയാണ്. മൊറേന പാർട്ടി സ്ഥാപകനും നിലവിലെ മെക്സിക്കൻ പ്രസിഡന്റുമായ ആൻഡ്രസ് മാനുവൽ ലോപ്പസിന്റെ വിശ്വസ്തകൂടിയാണ് ക്ലോഡിയ. കാലിഫോണിയയിലെ ​ഗവേഷണ കേന്ദ്രത്തിൽ മെക്സിക്കൻ ഊർജ ഉപഭോ​ഗത്തേക്കുറിച്ച് അവർ വർഷങ്ങളോളം പഠനം നടത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയങ്ങളിൽ വിദഗ്ധയാണ്.

അതെ സമയം മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അക്രമാസക്തമായ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. മുപ്പതോളം സ്ഥാനാർഥികൾ കൊല്ലപ്പെടുകയും തങ്ങൾക്കനുകൂലമായ നേതാക്കളെ പ്രതിഷ്ഠിക്കാനുള്ള ക്രിമിനൽ സംഘങ്ങളുടെ പ്രവൃത്തിയുടെ ഭാഗമായി നൂറുകണക്കിന് സ്ഥാനാർത്ഥികൾ കൊഴിഞ്ഞുപോകുകയും ചെയ്തിരുന്നു..