കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സഹകരിച്ച് പ്രവർത്തിക്കാന്‍ ധാരണയിലെത്തി അമേരിക്കയും ചൈനയും

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സഹകരിച്ച് പ്രവർത്തിക്കാന്‍ ധാരണയിലെത്തി അമേരിക്കയും ചൈനയും. ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ഇരുരാജ്യങ്ങളും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. കാര്‍ബണ്‍, മീഥേൻ ബഹിര്‍​ഗമനം കുറയ്ക്കുന്നതിനും വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദൃഢവും പ്രായോഗികവുമായ നിയന്ത്രണങ്ങളും നയങ്ങളും കൊണ്ടുവരുമെന്ന് കരാർ വ്യക്തമാക്കുന്നു. ഇതിനായി ഒരു കർമസമിതി രൂപീകരിക്കാനും തീരുമാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡനും ചൈനീസ് പ്രസിഡന്റ്‌ ഷി ജിന്‍പിങ്ങും പങ്കെടുത്ത് അടുത്തയാഴ്ച നടക്കുന്ന വെര്‍ച്വല്‍ യോ​ഗത്തില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

”യുഎസും ചൈനയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍ കാലാവസ്ഥയില്‍, ഈ ജോലി പൂര്‍ത്തിയാക്കാനുള്ള ഏക മാര്‍ഗം സഹകരണമാണ്.” കാലാവസ്ഥ സംബന്ധിച്ച യു.എസ്. പ്രത്യേക ദൂതന്‍ ജോണ്‍ കെറി പറഞ്ഞു. കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും വീഴാന്‍ തുടങ്ങുന്നതിനുമുമ്പ് എത്ര ഉയരത്തില്‍ എത്തുമെന്നതിന് ചൈന പരിധി നിശ്ചയിച്ചിട്ടില്ല. കല്‍ക്കരി ‘ഘട്ടം ഘട്ടമായി കുറയ്ക്കാന്‍’ ചൈന സമ്മതിച്ചു,

ആ​ഗോളതാപന നിരക്ക് 1.5 ഡി​ഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുന്നതിനുള്ള കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യത്തിന് കരുത്തു പകരുന്നതാണ് ലോകശക്തികളുടെ ഈ സഹകരണം. ഉച്ചകോടിയുടെ തുടക്കത്തില്‍ ഇരു രാജ്യങ്ങൾക്കുമിടയില്‍ വാദപ്രതിവാദങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ഉച്ചകോടി അവസാനിക്കാനിരിക്കെ ഉണ്ടായിരിക്കുന്ന സഹകരണത്തെ *യുഎന്നും ലോക രാജ്യങ്ങളും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.