ഇന്ത്യൻ അതിർത്തിയിൽ വീണ്ടും ചൈനീസ് യുദ്ധവിമാനം; വിന്യസിച്ചത് അത്യാധുനിക ജെ-20 സ്റ്റെൽത്ത് ഫൈറ്റർ

ഇന്ത്യൻ അതിർത്തിക്കു 150 കിലോ മീറ്റർ അകലെ ടിബറ്റിലെ ചൈനയുടെ പ്രധാന വ്യോമതാവളമായ ഷിഗാറ്റ്സെയിയിൽ യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന. ചൈനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊനായ ജെ-20 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളാണ് വിന്യസിച്ചത്. 12,408 അടി ഉയരത്തിലാണ് ഈ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളിൽ ഒന്നാണിത്. സമീപത്ത് ഒരു എയർബോൺ എർലി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റും ദൃശ്യമാണ്. മെയ് 27 ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് വിമാന വിന്യാസം പതിഞ്ഞത്.

നേരത്തെയും ഇന്ത്യൻ അതിർത്തിയുടെ സമീപ പ്രദേശങ്ങളിൽ ചൈന ജെ-20 ടിബറ്റിൽ വിന്യസിച്ചിട്ടുണ്ട്. 2016 -ൽ അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ടിബറ്റിലെ ദാവോ ചെങ്ങിൽ ചൈനയുടെ യുദ്ധവിമാനം രഹസ്യമായി ഇറങ്ങിയിരുന്നു. റഡാറുകളിൽ കുടുങ്ങാതെ പറക്കാൻ ശേഷിയുള്ള വിമാനമായിരുന്നു അത്. 2020 നും 2023 നും ഇടയിൽ ചൈനയിലെ ഹോട്ടാൻ പ്രിഫെക്‌ചറിലെ സിൻജിയാങ്ങിൽ ജെറ്റ് വിമാനങ്ങൾ ചൈന വിന്യസിച്ചിരുന്നു. എന്നാലും പ്രദേശത്ത് ഇത് വരെയും വിന്യസിച്ചതിൽ ഏറ്റവും വലിയ ജെ-20 വിന്യാസമാണ് ഇത്തവണത്തേത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സംഭവത്തെ കുറിച്ച് ഇന്ത്യൻ വ്യോമ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.