ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ആണ് ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഈ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിക്കുന്നു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗൗരവമുള്ള ആരോപണങ്ങളാണെന്നും കുറ്റവാളികളെ നിയമ നടപടിക്ക് വിധേയരാക്കണമെന്നും കനേഡിയൻ പ്രതിപക്ഷ നേതാവ് പിയെർ പോളിയേവും ആവശ്യപ്പെട്ടു.

നിജ്ജറുടെ കൊലപാതകത്തിന് ശേഷം ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ ഇരുപത് ഉദ്യോഗസ്ഥരെ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. ഇന്ത്യയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇതേ തുടർന്ന് കാനഡയും പുറത്താക്കി. ഇന്ത്യ കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ അടക്കമുള്ള 6 ഉദ്യോഗസ്ഥരെയാണ് കുറ്റകൃത്യങ്ങളിൽ പങ്കെന്ന് ആരോപിച്ച് പുറത്താക്കിയത്.