ദശാബ്ദത്തിലെ ഏറ്റവും വലിയ പണിമുടക്കിനെ നേരിട്ട് കാനഡ

ദശാബ്ദത്തിലെ ഏറ്റവും വലിയ പണിമുടക്കിനെ നേരിടുകയാണ് കാനഡ. പൊതുമേഖലാ യൂണിയനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാർ ജീവനക്കാരാണ് ഇന്നലെ മുതൽ ചരിത്ര സമരത്തിന് നേതൃത്വം നൽകുന്നത്. 155,000 ഫെഡറൽ തൊഴിലാളികൾ ബുധനാഴ്ച അർദ്ധരാത്രി മുതൽ പണിമുടക്കിൽ പങ്കാളികളായി. പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയും (പിഎസ്എസി) സർക്കാർ ജീവനക്കാരെ നിയമിക്കുന്ന ട്രഷറി ബോർഡ് ഓഫ് കാനഡയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം. “പണിമുടക്ക് നടത്താൻ നിർബന്ധിതരാകില്ലെന്ന് ഞങ്ങൾ ശരിക്കും പ്രതീക്ഷിച്ചു. പക്ഷേ കാനഡയിലെ ഫെഡറൽ പബ്ലിക് സർവീസിന് തൊഴിലാളികൾക്ക് ന്യായമായ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കരാറിലെത്താൻ സാധിച്ചില്ല. ഇനി പണിമുടക്ക് അല്ലാതെ വേറെ വഴികളില്ല” പിഎസ്എസി ദേശീയ പ്രസിഡന്റ് ക്രിസ് എയ്ൽവാർഡ് പറഞ്ഞു.

ഇത്രയധികം സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനാൽ പണിമുടക്ക് വിവിധ മേഖലകളെ സാരമായി തന്നെ ബാധിക്കും. പ്രധാനമായും ബാധിക്കപ്പെടുന്ന സേവനങ്ങളിലൊന്ന് ഇമിഗ്രേഷനാണ്. ഇത് താൽക്കാലിക വർക്ക് പെർമിറ്റുകൾ, സ്ഥിര താമസം, വിദേശ വിദ്യാർത്ഥികൾക്കുള്ള പഠന പെർമിറ്റുകൾ സ്ഥിര താമസം, വിദേശ വിദ്യാർത്ഥികൾക്കുള്ള പഠന പെർമിറ്റുകൾ എന്നിവയ്ക്കുള്ള അപേക്ഷകർക്ക് തിരിച്ചടിയാകും. ഇന്ത്യയിൽ നിന്നുള്ള നിരവധിപ്പേരാണ് ഈ സേവനങ്ങൾക്കായി കാത്തിരിക്കുന്നത്. അതെ സമയം ജനങ്ങളുടെ അത്യന്താപേക്ഷിതമായ സർക്കാർ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാനുള്ള നീക്കങ്ങൾ നടത്തിയതായി സർക്കാർ പ്രതിനിധികൾ അറിയിച്ചു.