ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാകുന്നു? പാർലമെന്റ് ഹില്ലിൽ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങൾ റദ്ദാക്കി

ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായ അവസരത്തിൽ വീണ്ടും ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച് കാനഡ. പാർലമെന്റ് ഹില്ലിൽ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങൾ റദ്ദാക്കിയാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊലിവർ ആണ് ആഘോഷങ്ങൾ റദ്ദാക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ച കൺസർവേറ്റീവ് എംപി ടോഡ് ഡോഹെർട്ടി ആതിഥേയത്വം വഹിക്കാനിരുന്ന ആഘോഷ പരിപാടികളാണ് ഒഴിവാക്കിയത്. ദീപാവലി ആഘോഷം റദ്ദാക്കിയതിനെക്കുറിച്ച് പരിപാടിയുടെ സംഘാടകരായ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ കാനഡയ്ക്ക് (OFIC) വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.

അതെ സമയം ഇന്ത്യ – കാനഡ ബന്ധം കൂടുതൽ വഷളാകുമെന്നതിന്റെ സൂചനകൾ നൽകി പുതിയ വെളിപ്പെടുത്തലുകളും വിശദീകരണങ്ങളും പുറത്ത് വന്നു. ഇന്ത്യക്കെതിരായ വിവരങ്ങൾ വാഷിങ്ടൺ പോസ്റ്റിന് ചോർത്തി നൽകിയത് കനേഡിയൻ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണെന്നതിന് സ്ഥിരീകരണം. കാനഡയിലെ സിഖുകാരെ ലക്ഷ്യമിട്ട് ഇന്ത്യ ചില പ്രവർത്തനങ്ങൾ നടത്തിയെന്നതടക്കമുള്ള വിവരങ്ങളാണ് കനേഡിയൻ ഉദ്യോഗസ്ഥർ ചോർത്തി നൽകിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടൽ സംബന്ധിച്ച സുപ്രധാന വിവരങ്ങളും പങ്കുവെച്ചു. വിവരങ്ങൾ കൈമാറിയെന്ന് കനേഡിയൻ വിദേശകാര്യ ഉപമന്ത്രിമാരായ ഡേവിഡ് മോറിസണും നതാലി ഡ്രൂയിനും സ്ഥിരീകരിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിഖ്‌ വിഘടനവാദ നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം ഉലഞ്ഞത്. കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതാണ്‌ ഉഭയകക്ഷി ബന്ധത്തെ ഉലച്ചത്‌.നിജ്ജാർ വധക്കേസിൽ ഇന്ത്യൻ സ്ഥാനപതി അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിലാണെന്ന്‌ കാണിച്ച്‌ കാനഡ അയച്ച സന്ദേശത്തോട്‌ അതി രൂക്ഷമായി ഇന്ത്യ പ്രതികരിച്ചിരുന്നു.