ബ്രിട്ടനിൽ 30 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ സ​മ​രം; സ്തംഭിച്ച് രാജ്യം

മൂന്നു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ തൊഴിൽസമരത്തിൽ സ്‌തംഭിച്ച്‌ ബ്രിട്ടൻ. 13 ട്രെയിൻ ഓപ്പറേറ്റിങ്‌ കമ്പനിയിലെ അരലക്ഷം ജീവനക്കാരാണ്‌ വേതനവർധന ആവശ്യപ്പെട്ട്‌ ചൊവ്വാഴ്ച പണിമുടക്കിയത്‌. ലണ്ടനിലെ ഭൂഗർഭ ട്രെയിൻ സർവീസായ ട്യൂബും നിശ്ചലമായി. അർധരാത്രിമുതൽ തുടങ്ങിയ പണിമുടക്ക്‌ പൂർണവിജയമെന്ന്‌ ജീവനക്കാരുടെ സംഘടനയായ ആർഎംടി അറിയിച്ചു. സര്‍വീസ് നടത്താനായത് 20 ശതമാനം ട്രെയിൻ മാത്രം. 40000 ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, അ​റ്റ​കു​റ്റ​പ്പ​ണി​ തൊ​ഴി​ലാ​ളി​ക​ൾ, സി​ഗ്ന​ലേ​ഴ്സ്, സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് സ​മ​ര​രം​ഗ​ത്തു​ള്ള​ത്.

ബ്രിട്ടനിൽ റെയിൽ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടത്തിയിട്ട് വര്‍ഷങ്ങളായി. കോവിഡ്‌ പ്രതിസന്ധിക്കു പുറമേ 40 വർഷത്തെ ഏറ്റവും വലിയ വിലക്കയറ്റവും സാധാരണക്കാരെ ദുരിതത്തിലാക്കി. ഇക്കൊല്ലവും വേതനവർധനയില്ലെന്ന്‌ റെയിൽ ഓപ്പറേറ്റിങ്‌ കമ്പനികൾ പ്രഖ്യാപിച്ചതോടെയാണ്‌ 1989നുശേഷമുള്ള ഏറ്റവും വലിയ ദേശീയ പണിമുടക്കിലേക്ക്‌ തൊഴിലാളികൾ നീങ്ങിയത്. ഏഴു ശതമാനം വേതനവർധന, ആരോഗ്യകരമായ തൊഴിൽസാഹചര്യം, കൂട്ടപ്പിരിച്ചുവിടൽ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി ത്രദിന ദേശീയ പണിമുടക്കാണ് പ്രഖ്യാപിച്ചത്‌. പണിമുടക്ക്‌ ഒഴിവാക്കാനുള്ള അവസാനഘട്ട ശ്രമമെന്ന നിലയിൽ തിങ്കളാഴ്ച ആർഎംടിയുടെ മുൻകൈയിൽ പൊതുമേഖലാ സ്ഥാപനമായ നെറ്റ്‌വർക്ക്‌ റെയിലും മറ്റ്‌ സ്വകാര്യ ഓപ്പറേറ്റിങ്‌ കമ്പനികളുമായി ചർച്ച നടത്തി. മൂന്നുശതമാനം വേതനവർധനയെന്ന കമ്പനി നിർദേശം തൊഴിലാളികൾ തള്ളി.