ഇന്ത്യ, റഷ്യ, ചൈന എന്നിവയുള്‍പ്പെടെ ഉയര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെ ബ്രിക്സ് കൂട്ടായ്മയിലേക്ക് അഞ്ച് രാജ്യങ്ങള്‍ കൂടി അംഗങ്ങളായി. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, എത്യോപ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ പൂര്‍ണ അംഗങ്ങളായി ചേര്‍ന്നതോടെ ഗ്രൂപ്പ് 10 രാഷ്ട്ര സംഘടനയായി മാറി.2009-ൽ രൂപീകൃതമായ ബ്രിക്സ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആഗോളരാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുന്ന ശക്തിയായി മാറിക്കഴിഞ്ഞിരിന്നു. ലോകത്തെ ആകെ ജനസംഖ്യയുടെ 41.13 ശതമാനമാണ് ബ്രിക്‌സ് രാജ്യങ്ങളുടേത്, അതായത് 3.27 ബില്ല്യണ്‍. ഗ്ലോബല്‍ ജി.ഡി.പിയുടെ 26 ശതമാനമാണ് ബ്രിക്‌സ് രാജ്യങ്ങളുടെ പങ്കാളിത്തം. 2040 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായി ബ്രിക്സ് മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലാണ് അർജന്റീന ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം. കഴിഞ്ഞ വര്ഷം ഓഗസ്റ്റിൽ ജൊഹാനസ്ബർഗിൽ മൂന്നു ദിവസങ്ങളിലായി നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് അംഗങ്ങളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. ഇതില്‍ അര്‍ജന്റീന മാത്രമാണ് മുഖംതിരിച്ചത്. അര്‍ജന്റീനയില്‍ അടുത്തിടെയാണ് ഭരണമാറ്റമുണ്ടായത്. അമേരിക്കയോടും ഇസ്രായേലിനോടും അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് പുതിയ പ്രസിഡന്റ് ജവിര്‍ മിലേയ്. ബ്രിക്‌സില്‍ ചേരാനായിട്ടില്ലെന്നും പിന്നീട് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.