തുർക്കിയിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

തുർക്കി എയ്റോസ്പേസ് ഇൻഡസ്ട്രീസിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. തുർക്കിയിൽ എയ്റോസ്പേസ് വ്യവസായശാലകൾ പ്രവർത്തിക്കുന്ന അങ്കാരയ്ക്ക് വടക്ക് ഭാഗത്തുള്ള കരമങ്കസൻ എന്ന ചെറുനഗരത്തിലാണ് സ്ഫോടനം നടന്നത്. തോക്ക് കൈയ്യിലേന്തി ബാഗുകളുമായി ആളുകൾ ഈ പ്രദേശത്ത് നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായും ആളുകൾ ബന്ദികളാക്കപ്പെട്ടതായും വിവരമുണ്ട്. തുർക്കിയിലെ പ്രതിരോധ-വ്യോമയാന സെക്ടറിലെ പ്രധാന കമ്പനിയാണ് തുസസ്.

അതെ സമയം ആക്രമണം നടത്തിയ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി തുർക്കി ആഭ്യമന്തര മന്ത്രി അറിയിച്ചു. ആക്രമണത്തെ അപലപിക്കുന്നു. അവസാന ഭീകരനെ നിർവീര്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണം നടത്തിയ സംഘത്തില്‍ ഒരു സ്ത്രീയുമുള്ളതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ചാവേർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുവെങ്കിലും സ്ഫോടനത്തിൻ്റെയും തുടർന്നുള്ള വെടിവയ്പ്പിൻ്റെയും കാരണം വ്യക്തമല്ല.