വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും വിറങ്ങലിച്ച് ബ്രസീല്‍; 60 മരണം

തെക്കൻ ബ്രസീലിൽ മഴക്കെടുതി രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും അകപെട്ട് 60 പേർ മരിക്കുകയും 74 പേർക്ക് പരിക്കേൽക്കുകയും 67 പേരെ കാണാതാവുകയും ചെയ്തതായി രാജ്യത്തെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. സമീപകാലത്തെ ഏറ്റവും വലിയ പ്രളയക്കെടുത്തിയാണ് ബ്രിസിൽ അഭിമുഖീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബ്രസീലിലെ ഒരു മില്യണിലധികം ആളുകള്‍ അടിസ്ഥാന സാധനങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്. കെട്ടിടങ്ങള്‍ക്കുള്‍പ്പെടെ വലിയ തോതില്‍ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രളയത്തിന് പിന്നാലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയ‍ർന്നിരിക്കുകയാണ്. 1.4 ദശലക്ഷം ആളുകൾ വസിക്കുന്ന നഗരമായ പോർട്ടോ അലെഗ്രെയെ ഇത് ഭീഷണിയിലാക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന നദിയായ ഗൈബയിലും ജലനിരപ്പ് ഉയർന്നതോടെ കരകവിഞ്ഞൊഴുകുകയാണ്. 1941ലുണ്ടായ പ്രളയസമയത്തേക്കാൾ ഉയർന്ന ജലനിരപ്പിലാണ് ​ഗൈബ ഒഴുകുന്നത്. വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നടത്തിയിട്ടുള്ളത്. അതേസമയം ബ്രസീൽ പ്രസിഡൻ്റ് ലുല ഡ സിൽവ പ്രളയ ബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തിയിരുന്നു.

ജൂലൈ, സെപ്റ്റംബർ, നവംബർ മാസങ്ങളിലായി 75 പേരുടെ മരണത്തിനിടയാക്കിയ വെള്ളപൊക്കം ഉണ്ടായി ഒരു വർഷം തികയുന്നതിന് മുൻപാണ് അടുത്ത ദുരന്തം ബ്രസീലിയൻ ജനതയെ തേടിയെത്തിയത്. ബ്രസീലിയൻ ജിയോളജിക്കൽ സർവീസിന്റെ റിപോർട്ടുകൾ പ്രകാരം , ഇപ്പോഴുണ്ടായിരിക്കുന്ന വെള്ളപ്പൊക്കം 1941 ലെ പ്രളയത്തിനേക്കാൾ ശക്തിയേറിയതാണ്. ഏകദേശം 150 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇത്ര വലിയ വെള്ളപ്പൊക്കത്തിന് ബ്രസീൽ സാക്ഷ്യം വഹിക്കുന്നത്.