യൂറോപ്പിൽ നാശം വിതച്ച് ബോറിസ് കൊടുങ്കാറ്റ്

ബോറിസ് കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിയിൽ നടുങ്ങി യൂറോപ്പ്യൻ രാജ്യങ്ങൾ. മധ്യ, കിഴക്കൻ യൂറോപ്പ് രാജ്യങ്ങളായ ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത്. നിരവധി പേർ മരിക്കുകയും ഒരുപാട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. രാജ്യങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം ഒരു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം കൊണ്ട് പെയ്തിറങ്ങിയതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെക്ക് റിപ്പബ്ലിക് അതിർത്തിക്കടുത്തുള്ള ഗ്ലൂക്കോളാസിയിൽ വെള്ളപ്പൊക്കത്തിൽ പാലം തകർന്നു. പോളണ്ടിൽ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന പല നദികളും കരകവിഞ്ഞൊഴുകിയതും ദുരന്തത്തിന്റെ ആഘാതം കൂട്ടി. സ്ട്രോണി സ്ലാസ്കിയിൽ അണക്കെട്ട് തകർന്നതിനെ തുടർന്ന് ഒരു വീട് ഒലിച്ചുപോയി. പേമാരിയിൽ റൊമാനിയയിൽ മാത്രം നാല് പേരാണ്‌ മരിച്ചത്. 5,000 വീടുകളെ ബാധിച്ച ഗലാറ്റിയിലാണ് ഏറ്റവും മാരകമായി ബാധിക്കപ്പെട്ടത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കിഴക്കൻ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബോറിസ് കൊടുങ്കാറ്റിനെത്തുടർന്ന് ഉണ്ടായിട്ടുള്ളത്. ഓസ്ട്രിയയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിരക്ഷാപ്രവർത്തൻ മരിച്ചു.

വടക്കൻ ഇറ്റലിയിൽ നിന്നെത്തിയ മന്ദഗതിയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മൂലമാണ് ബോറിസ് കൊടുങ്കാറ്റ് രൂപപ്പെട്ടത്. ഇന്ന് രാത്രി വരെ മേഖലയിൽ കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് ചെക്ക് റിപ്പബ്ലിക്കിലാണ്. കിഴക്കൻ, മധ്യ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും അതിതീവ്ര മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.