ഇന്ത്യ, ജർമനി, ജപ്പാൻ എന്നീരാജ്യങ്ങള്‍ക്ക് യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകുന്നതിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുകൂലിക്കുന്നതായി വൈറ്റ് ഹൗസ്. ഇതിനായി നിരവധി നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ബുധനാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത ബൈഡൻ, രക്ഷാസമിതി നവീകരിക്കണമെന്ന ആവശ്യം ആവർത്തിച്ചു.
അമേരിക്ക ഉൾപ്പെടെയുള്ള യുഎൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ സ്ഥിരമായി ഉയർത്തിപ്പിടിക്കുകയും പ്രതിരോധിക്കുകയും ചെയ്യണമെന്നും കൗൺസിൽ വിശ്വസനീയവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കാൻ അപൂർവവും അസാധാരണവുമായ സാഹചര്യങ്ങളിലൊഴികെ വീറ്റോ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബൈഡൻ പറഞ്ഞു.”അതുകൊണ്ടാണ് കൗൺസിലിന്റെ സ്ഥിരവും അല്ലാത്തതുമായ പ്രതിനിധികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെ അമേരിക്ക പിന്തുണയ്ക്കുന്നത്. ഞങ്ങൾ ദീർഘകാലമായി പിന്തുണച്ചിരുന്ന രാജ്യങ്ങളുടെ സ്ഥിരം സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു,” ബൈഡൻ കൂട്ടിച്ചേർത്തു.
പ്രളയക്കെടുതിയിലായ പാകിസ്ഥാനെ സഹായിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. ഉക്രയ്‌നിൽ റഷ്യ നടത്തുന്ന യുദ്ധം യുഎൻ ചാർട്ടറിന്റെ ലംഘനമാണെന്നും പറഞ്ഞു.