ആളൊഴിഞ്ഞ് തെരുവുകള്‍: ഗസ്സയോട് ഐക്യപ്പെട്ട് ക്രിസ്മസ് ആഘോഷമില്ലാതെ ബെത്‌ലഹേം

ആഘോഷാരവങ്ങളുടെ ക്രിസ്മസ്-ന്യൂ ഇയർ ദിനങ്ങളാണ്, ലോകം മുഴുവൻ ക്രിസ്മസും പിന്നാലെ പുതു വർഷവും ആഘോഷമാക്കാൻ തയ്യാറെടുക്കുമ്പോൾ ആരവവും, ആഘോഷവും, ആഹ്‌ളാദവുമില്ലാതെ നിശ്ചലമായി യേശു ക്രിസ്തുവിന്റെ ജന്മദേശമായ ബത്‌ലഹേം.

രണ്ടര മാസത്തിലേറെയായി ഫലസ്തീനില്‍ കൂട്ടക്കൊല തുടരുന്ന ഇസ്രയേലിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചും ബെത്‌ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷമില്ല. ഗസ്സയുമായി ഐക്യപ്പെടുന്നതിന്റെ ഭാഗമായി ഫലസ്തീനിലെ ചര്‍ച്ചുകളിലെ എല്ലാ ആഘോഷങ്ങളും റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയും നാളത്തെ ദിനം സന്നദ്ധ സേവനങ്ങളും പ്രാര്‍ഥനകളും മാത്രമായി പരിമിതപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. ഗസ്സയില്‍ നിന്ന് 70 ഓളം കിലോമീറ്റര്‍ മാത്രം അകലെയുള്ള നഗരമാണ് ബെത്‌ലഹേം. യേശു ക്രിസ്തു ജനിച്ചെന്ന് കരുതുന്ന ഇവിടെ പതിവിന് വിപരീതമായി ഇത്തവണ നക്ഷത്രങ്ങളും പുല്‍ക്കൂടുകളും അലങ്കാരവിളക്കുകളും ഉണ്ടാകില്ല.ഗാസയിലെ ഇസ്രയേലി ആക്രമണങ്ങളെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധികളും ഇതിന് ആക്കം കൂട്ടുന്നുണ്ട്.

ബെത്‌ലഹേമിലെ ജനതക്ക് ഗസ്സയില്‍ കുടുംബ, സുഹൃദ് ബന്ധങ്ങളുണ്ടെന്നും അതിനാല്‍ അവരോട് ഞങ്ങള്‍ക്ക് ഐക്യപ്പെടാതിരിക്കാനാവില്ലെന്നും ബെത്‌ലഹേം സിറ്റി കൗണ്‍സില്‍ പറഞ്ഞു. ബത്‌ലഹേമിലെ നേറ്റിവിറ്റി സ്ക്വയറിൽ എല്ലാ വർഷവും ഈ ദിവസങ്ങളിൽ പടു കൂറ്റൻ ക്രിസ്മസ് ട്രീ, പരേഡുകൾ, സൗഹൃദ സദസ്സുകൾ, കലാപരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങിയവയുടെ അകമ്പടി ഉണ്ടാകാറുണ്ട്. നഗരത്തിന്റെ പ്രധാന കേന്ദ്രമായ മാങ്കര്‍ സ്‌ക്വയർ, പ്രധാന തീര്‍ഥാടന കേന്ദ്രമായ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി അടക്കമുള്ള സ്ഥലങ്ങളിലും ശ്മശാന മൂകതയാണ്. പൊതുവെ ഡിസംബര്‍ അഴസാന വാരങ്ങളില്‍ അതീവജനനിബിഡമാകാറുള്ള തെരുവുകളില്‍ ഇപ്പോള്‍ ആളുകളില്ല. നഗരത്തിലേക്കുള്ള റോഡുകൾ ഇസ്രയേൽ സൈന്യം അടച്ചുപൂട്ടി. ഗാസയുമായി ഐക്യപ്പെടുന്നതിന്റെ ഭാഗമായി പലസ്തീനിലെ പള്ളികൾ എല്ലാ ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ് ദിനം സന്നദ്ധ സേവനങ്ങളും പ്രാർത്ഥനകളും മാത്രമായി പരിമിതപ്പെടുത്തി.