ഇത് ചരിത്രത്തിലാദ്യം; ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, പെൻഷൻ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ബെൽജിയം

ലോക ചരിത്രത്തിൽ ആദ്യമായി ലൈംഗിക തൊഴിലാളികൾക്ക് ആനുകൂല്യങ്ങളുമായി ബെൽജിയം. ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധി, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് രാജ്യം ഏർപ്പെടുത്തിയത്. ഇത്തരത്തിൽ ഒരു രാജ്യം ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കുന്നത് ഇത് ആദ്യമായാണ്. 2022ൽ ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ല എന്ന നിയമം പാസാക്കിയിരുന്നു. അതിനു പിന്നാലെ, അവതരിപ്പിച്ച ഈ നിയമം, മറ്റ് എല്ലാ തൊഴിലുകൾക്കും എന്നപോലെ ലൈംഗിക തൊഴിലാളികൾക്കും സംരക്ഷണം നൽകുന്നു. ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലും നിയമത്തിന് പ്രാബല്യം നൽകിയിരുന്നു. എന്നാൽ തൊഴിൽ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ബെൽജിയം.

ലൈംഗികത്തൊഴിലാളികളെയും മറ്റ് തൊഴിലാളികളേപ്പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജോലിയിൽനിന്ന് പിന്മാറുന്ന കാലമാകുമ്പോഴേക്കും പലർക്കും രോഗങ്ങൾ ബാധിക്കാറുണ്ട്. ഇത്തരക്കാർക്ക് പെൻഷൻ അടക്കമുള്ളവ നിലവിൽ വരുന്നത് വലിയ ഗുണകരമാകും. ഈ നിയമം ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ഒരു പുരോഗമനപരമായ നടപടി ആയി കരുതുന്നുവെന്നാണ് ഹ്യുമൻ റൈറ്റ്സ് വാച്ച് നേതാവ് എറിൻ കിൽബ്രിഡിന്റെ പ്രതികരണം. ലൈംഗിക തൊഴിൽ നിയമ വിരുദ്ധമാണെങ്കിൽ, അതിൽ ഏർപ്പെടുന്നവരെ സംരക്ഷിക്കാനും നിയമം അനുവദിക്കില്ല. എന്നാൽ, ഇപ്പോൾ വന്ന നിയമം ഏറെ സുപ്രധാനമാണെന്ന് ബെൽജിയൻ യൂണിയൻ ഓഫ് സെക്‌സ് വർക്കേഴ്‌സ് പ്രസിഡന്‍റ് വിക്ടോറിയ പറഞ്ഞതായി ഡെയിലി മിറർ റിപ്പോട്ട് ചെയ്യുന്നു.

അതേസമയം രാജ്യത്തെ മറ്റൊരു വിഭാഗം രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇസല എന്ന സന്നദ്ധ സംഘടന പ്രവർത്തകയായ ജൂലിയ ക്രൂമിയർ പറയുന്നത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന മേഖലയാണിതെന്നാണ്. ഇത് ഏറ്റവും പഴയ തൊഴിലല്ല, മറിച്ച് ഏറ്റവും പഴയ ചൂഷണമാണ് എന്നും അവർ വിമർശിച്ചു.