പ്രതിപക്ഷമില്ലാതെ ബംഗ്ലാദേശ് നാളെ പോളിംഗ് ബൂത്തിലേക്ക്; ജയമുറപ്പിച്ച് ഷെയ്‌ക്ക് ഹസീന

പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീനയ്ക്ക് അഞ്ചാം അവസരമൊരുക്കി ഞായറാഴ്ച ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ്. ബംഗ്ലാദേശിലെ 299 ലോക്‌സഭാ മണ്ഡലത്തിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ 27 രാഷ്ട്രീയ പാർടിയുടെ 1519 സ്ഥാനാർഥികളും 404 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്‌. 42,000-ൽ അധികം പോളിങ്‌ സ്റ്റേഷനുകളിലായി 11.91 കോടി രജിസ്റ്റർ ചെയ്ത വോട്ടർമാർക്ക് തെരഞ്ഞെടുപ്പിൽ വോട്ട്‌ രേഖപ്പെടുക്കാൻ അർഹതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടി (ബിഎൻപി) തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഭരണകക്ഷിയായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

അതെ സമയം ബംഗ്ലാദേശ്‌ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ ഇന്ത്യയിൽനിന്നുള്ള മൂന്നുപേരടക്കം നൂറിലധികം വിദേശ നിരീക്ഷകർ ധാക്കയിലെത്തി. തലസ്ഥാനമായ ധാക്കയിലും രാജ്യത്തെ മറ്റിടങ്ങളിലും നിരീക്ഷകർ തെരഞ്ഞെടുപ്പ്‌ നടപടികൾ വിലയിരുത്തുമെന്ന്‌ വിദേശ സെക്രട്ടറി മസൂദ് ബിൻ മൊമെൻ പറഞ്ഞു. 64 രാജ്യങ്ങളിലെങ്കിലും പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തെരഞ്ഞെടുപ്പ് വർഷമെന്ന് വിലയിരുത്തപ്പെട്ട 2024ലെ ആദ്യത്തെ ദേശീയ തെരഞ്ഞെടുപ്പാണ് ബംഗ്ലാദേശിലേത്.

ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പശ്ചിമ ബംഗാൾ അതിർത്തിയിലുള്ള തുറമുഖ പട്ടണമായ ബെനാപോളിൽ നിന്ന് തലസ്ഥാന നഗരമായ ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. ജനുവരി 7ന് നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷമായ ബിഎൻപി ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്നും സംശയിക്കുന്നുണ്ട്.