സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് 16 വയസ്സിൽ താഴെയുള്ളവരെ വിലക്കാൻ ആസ്ട്രേലിയ

കുട്ടികളുടെ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിന് പ്രായപരിധി ഏര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. കുട്ടികളുടെ മാനസികാരോഗ്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.യുവതലമുറയുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. സോഷ്യല്‍ മീഡിയ ഉപയോഗം ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുന്നു. കുട്ടികളെ യഥാര്‍ത്ഥ സുഹൃത്തുക്കളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ അകറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആന്റണി ആൽബനീസിന്റെ വാക്കുകൾ “ഓസ്‌ട്രേലിയയിലെ യുവാക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം വേണം. കുട്ടികളെ ഇത്തരം വിപത്തുകളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ മാതാപിതാക്കളോടൊപ്പം അണിചേരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ഈ നിയമനിര്‍മാണത്തിലൂടെ മാതാപിതാക്കളെ തങ്ങള്‍ പിന്തുണക്കുന്ന.”

കുട്ടികളുടെ സ്ക്രീൻ ടൈം കുറക്കാനായി, സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിശോധന നിർബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് ആസ്ട്രേലിയൻ ഭരണകൂടത്തിന്‍റെ പദ്ധതി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള കുറഞ്ഞ പ്രായം 13ൽനിന്ന് 16 വയസായി ഉയർത്തുന്നതിനുള്ള സാമൂഹിക പ്രചാരണങ്ങൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും, അവരുടെ സാമൂഹീകരണത്തെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാറിന്‍റെ പുതിയ നീക്കം.