ബ്രിട്ടനിലെ ചാൾസ് രാജാവിന് നേരെ മുദ്രാവാക്യങ്ങൾ വിളിച്ച് ഓസ്‌ട്രേലിയൻ സെനറ്ററുടെ പ്രതിഷേധം. ചാൾസ് രാജാവിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് സ്വതന്ത്ര ഓസ്‌ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പ് മുദ്രാവാക്യങ്ങൾ വിളിച്ചത്. ”ഇത് നിങ്ങളുടെ നാടല്ല, നിങ്ങൾ എന്റെ രാജാവല്ല” എന്നാക്രോശിച്ച സെനറ്ററെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്ക് മാറ്റി. പാര്‍ലമെന്റില്‍ രാജാവ് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ലിഡിയ തോര്‍പ്പ് ക്ഷുഭിതയായി മുദ്രാവാക്യം വിളിച്ചത്.
“നിങ്ങൾ ഞങ്ങളുടെ ജനങ്ങൾക്കെതിരെ വംശഹത്യ നടത്തി. ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തിരികെ തരൂ! ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ! ഞങ്ങളുടെ അസ്ഥികൾ, ഞങ്ങളുടെ തലയോട്ടികൾ, ഞങ്ങളുടെ കുഞ്ഞുങ്ങൾ, ഞങ്ങളുടെ ആളുകൾ. നിങ്ങൾ ഞങ്ങളുടെ ഭൂമി നശിപ്പിച്ചു! ഇത് നിങ്ങളുടെ ഭൂമിയല്ല!” ലിഡിയ ചാൾസ് രാജാവിനെ നേരെ വിളിച്ച് പറഞ്ഞു. രാജവാഴ്ചയോട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്ന വ്യക്തിയെയാണ് വിക്ടോറിയയിൽ നിന്നുള്ള സെനറ്റർ തോര്‍പ്പ് അറിയപ്പെടുന്നത്. 2022ല്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുമ്പോള്‍ മുഷ്ടി ഉയര്‍ത്തിയത് വിവാദമായിരുന്നു.
100 വർഷത്തിലേറെയായി ഓസ്‌ട്രേലിയ ബ്രിട്ടീഷ് കോളനിയായിരുന്നു, ഈ സമയത്ത് ആയിരക്കണക്കിന് ആദിവാസികളായ ഓസ്‌ട്രേലിയക്കാർ കൊല്ലപ്പെടുകയും നിരവധി പേർ പലായനം ചെയ്യുകയും ചെയ്തു. 1901-ൽ രാജ്യം ഓസ്‌ട്രേലിയ സ്വാതന്ത്ര്യം നേടിയെങ്കിലും ഒരു സമ്പൂർണ റിപ്പബ്ലിക്കായി മാറിയിട്ടില്ല. ചാൾസ് രാജാവാണ് നിലവിലെ രാഷ്ട്രത്തലവൻ.