ഗോലാൻ കുന്നിലെ ആക്രമണം; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നിലെ മജ്ദ് അൽ ഷംസ് ഗ്രാമത്തിൽ ശനിയാഴ്ച ഉണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ യുദ്ധഭീതിയിൽ പശ്ചിമേഷ്യ. ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണമാണ് അധിനിവേശ ഗോലാൻ കുന്നിൽ ഉണ്ടായത്. . ലബനനിൽ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 3 ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയായായി ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണം ആണിതെന്നാണ് ഇസ്രായേൽ വാദം. ഇസ്രയേലും ഇറാൻ പിന്തുണയുള്ള ലെബനൻ സായുധ വിഭാഗമായ ഹിസ്‌ബുള്ളയും തമ്മിൽ മുഴുനീള യുദ്ധത്തിലേക്ക് ആക്രമണം നയിച്ചേക്കുമെന്നാണ് ഭീതി. ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങാൻ തയ്യാറാണെന്ന തരത്തിലാണ് ഇസ്രയേലി- ലെബനൻ മന്ത്രിമാരുടെ പ്രതികരണങ്ങൾ.

ഗോലാൻ കുന്നിലെ ആക്രമണത്തിൽ 10 പേര്‍ മരിച്ചതായും 30 ലധികം പേര്‍ക്ക് പരിക്കേറ്റതായും 7 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ഇസ്രായേല്‍ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.

സ്ഫോടനത്തെത്തുടർന്നു വൻതീപിടിത്തവുമുണ്ടായി. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇത് വരെ ഹിസ്ബുള്ള ഏറ്റെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധത്തിലേക്ക് പോകുന്നതിൽ അമേരിക്കയും യുകെയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മേഖലയിൽ കാര്യങ്ങൾ രൂക്ഷമാകുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ പറഞ്ഞു.

ഗോലാൻ കുന്നിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖാൻ യൂനിസിന്റെ കിഴക്കൻ മേഖലയിൽ സുരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന 60 ചതുരശ്ര കിലോമീറ്റർ മേഖലയിൽനിന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.