കരീബിയൻ രാജ്യമായ ഹെയ്‌തിയുടെ തീരത്ത് ബോട്ടിന് തീപിടിച്ച് 40 അഭയാർഥികൾ കൊല്ലപ്പെട്ടതായി ഇൻർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനാണ് (ഐഒഎം) റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹെയ്‌തിയിൽ നിന്ന് തുർക്കിയിലേക്കും കൈക്കോസിലേക്കും 80-ൽ അധികം കുടിയേറ്റക്കാരെയും വഹിച്ച് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
ബോട്ടിലുണ്ടായിരുന്ന ആളുകൾ മെഴുകുതിരികൾ കത്തിക്കാൻ തീപ്പെട്ടി ഉപയോഗിച്ചതോടെ ഗ്യാസോലിൻ നിറച്ച ഡ്രമ്മുകൾക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട 41 പേരെ ഹെയ്‌തിയുടെ തീരസംരക്ഷണ സേന രക്ഷിച്ചതായും ഐഒഎം അറിയിച്ചു. മതിയായ സുരക്ഷകളില്ലാതെ കുടിയേറ്റത്തിന് ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഹെയ്‌തിയിലെ ഐഒഎം ചീഫ് ഓഫ് മിഷൻ ഗ്രിഗോയർ ഗുഡ്‌സ്റ്റൈൻ അഭിപ്രായപ്പെട്ടു.
അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവും ഹെയ്‌തിയിൽ രൂക്ഷമാണ്. ഇതിനാൽ നിരവധി ഹെയ്‌തിക്കാരാണ് രാജ്യത്തിന് പുറത്ത് കടക്കാൻ അപകടകരമായ യാത്രകൾ നടത്തുന്നത്. ഹെയ്‌തിയിൽ നിന്ന് ബോട്ട് വഴിയുള്ള കുടിയേറ്റ ശ്രമങ്ങളുടെ എണ്ണം നിലവിൽ വർധിച്ചതായി ഐഒമ്മിൻറെ ഡാറ്റ ചൂണ്ടിക്കാട്ടുന്നു.