പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 33-ാമത് അറബ് ഉച്ചകോടി

ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതു വരെ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഐക്യരാഷ്ട്രസഭയുടെ സമാധാന പാലന സേനയെ വിന്യസിക്കണമെന്നു 33-ാമത് അറബ് ഉച്ചകോടി. ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും അടിയന്തിരമായി ശാശ്വത വെടി നിർത്തൽ നടപ്പാക്കണമെന്നും ബഹ്‌റൈനിൽ നടന്ന ഉച്ചകോടി ആവശ്യപ്പെട്ടു. പലസ്തീൻ ജനതയെ കുടിയിറക്കാനുള്ള ശ്രമങ്ങളെ കൂട്ടായി നേരിടുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര മുന്നറിയിപ്പുകൾ അവഗണിച്ച്, ഗാസ മുനമ്പിലെ വെടിനിർത്തൽ ശ്രമങ്ങളെ ഇസ്രയേൽ തടസ്സപ്പെടുത്തുന്നതിനെയും പലസ്തീൻ നഗരമായ റഫയ്‌ക്കെതിരായ ആക്രമണത്തെയും ഉച്ചകോടി ശക്തമായി അപലപിച്ചു. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ വേഗത്തില്‍ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നതിന് ലോക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്താന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അറബ് നേതാക്കള്‍ അവരുടെ വിദേശകാര്യ മന്ത്രിമാരോട് നിര്‍ദ്ദേശിച്ചു.

വിവിധ അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഉച്ചകോടിയിൽ പങ്കെടുത്തു. അറബ് മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും പരമാധികാരം സംരക്ഷിക്കാനും ഊർജം പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉച്ചകോടി. ഉച്ചകോടിയിൽ വികസനം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ചയായി. അടുത്ത ഉച്ചകോടി 2025ൽ ഇറാഖിൽ ചേരാനും തീരുമാനമായി.