ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ വെടിനിർത്തൽ ചർച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇസ്രയേലിൽ എത്തിയിട്ടും, ഗാസയിൽ നിലയ്ക്കാത്ത രക്തച്ചൊരിച്ചിൽ തുടരുന്നു. ഞായറാഴ്ച രാത്രി വരെ ഗാസയിൽ വിവിധയിടങ്ങളിലായി ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിൽ 29 പേർ കൂടി കൊല്ലപ്പെട്ടതായി എജൻസി പ്രസ് റിപ്പോർട്ട് ചെയ്തു.
ഗാസ പത്ത് മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാനുള്ള വാഷിങ്ടണിന്റെ പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് ബ്ലിങ്കന്‍ ഇന്നലെ ടെല്‍ അവീവിലെത്തിയത്. ദോഹയിൽ രണ്ട് ദിവസത്തെ സമാധാന ചർച്ചകൾക്ക് ശേഷം തങ്ങൾ കരാറിൽ ഏർപ്പെടുകയാണെന്ന് യുഎസും മറ്റ് മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും അറിയിച്ചു.
ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ബ്ലിങ്കന്‌റെ ഒന്‍പതാമത്തെ യാത്രയാണിത്. വെടിനിര്‍ത്തലെന്നത് പശ്ചിമേഷ്യയിലെ അക്രമസാഹചര്യങ്ങള്‍ കുറയ്ക്കുമെന്നും ഗാസയിലെ യുദ്ധം മേഖലയിലുടനീളം സംഘർഷത്തിലേക്കു വേഗത്തില്‍ നീങ്ങാന്‍ കാരണമായേക്കാവുന്ന പ്രതികാര നടപടികളില്‍നിന്ന് ഇറാനെയും ഹിസ്ബുള്ളയെയും പിന്തിരിപ്പിക്കാനാവുമെന്നാണ് യു എസിന്റെ പ്രതീക്ഷ.
ലെബനൻ-ഇസ്രയേൽ സംഘർഷവും രൂക്ഷമാണ്. അറുപതിലേറെ മിസൈലുകളാണ് ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുല്ല തൊടുത്തുവിട്ടത്. ആറ് സൈനികർക്ക് പരുക്കേറ്റു. ദക്ഷിണ ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണത്തിൽ നാല് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.